കളിക്കളം
ഇന്നസെന്റിന്റെ അര്‍ജന്റീനയും വിജയകുമാര്‍ ഐ.പി.എസിന്റെ ബ്രസീലും ഇരിങ്ങാലക്കുടയില്‍ ഏറ്റുമുട്ടി

ലോകക്കപ്പിനു മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കേ കാല്‍പ്പന്തു കളിയുടെ കാല്‍പ്പനീകതകളെ അതിശയിക്കുമാറ്‌ ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ മൈതാനിയില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി പ്രതീകാത്മകമായി ഇന്നസെന്റ്‌ നയിക്കുന്ന അര്‍ജന്റീനയും ജില്ലാ പോലീസ്‌ മേധാവി വിജയകുമാര്‍ ഐ.പി.എസ്‌. നയിക്കുന്ന ബ്രസീല്‍ ടീമും ഏറ്റുമുട്ടി. ബ്രസീലുനു വേണ്ടി ഇരിങ്ങാലക്കുട പോലീസും അര്‍ജന്റീനക്കുവേണ്ടി ഇരിങ്ങാലക്കുട മൈതാനം ഫുഡ്‌ബോള്‍ ടീമും ആണ്‌ കളത്തിലിറങ്ങിയത്‌. കളിയുടെ ആവേശം വാനോളം ഉയര്‍ത്താന്‍ കലാഭവന്‍ മണിയും ഐ.എം.വിജയനും എത്തിയതോടെ മൈതാനത്ത്‌ ആവേശ തിരയിളകി. പോയക്കാലത്ത്‌ ഗോളിയില്ലാത്ത പോസ്‌റ്റില്‍ ഗോളടിച്ച കഥ അയവിറക്കി ഇന്നസെന്റ്‌ മത്സരം ഉദ്‌ഘാടനം ചെയ്‌തു. എന്നാല്‍ നല്ല ഗോള്‍കീപ്പര്‍ തന്നെയുള്ള പോസ്‌റ്റില്‍ ശക്തമായ ഗോള്‍ അടിച്ചാണ്‌ ഇന്നസെന്റ്‌ എം.പി. ആയതെന്നു പറഞ്ഞ്‌ ജില്ലാ പോലീസ്‌ മേധാവി തിരിച്ചടിച്ചു. യോഗത്തില്‍ നഗരസഭാ അദ്ധ്യക്ഷ മേരിക്കുട്ടി ജോയി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ടി.ജി.ശങ്കരനാരായണന്‍, പ്രശസ്‌ത ഫുഡ്‌ബോള്‍ കോച്ച്‌ ചാക്കുണ്ണി, കലാഭവന്‍ ജോഷി, തുടങ്ങിയവര്‍ പ്രസംഗിച്ചു. അര്‍ജന്റീനയുടേയും ബ്രസീലിന്റേയും ആരാധകരുടെ ആര്‍പ്പുവിളികള്‍ക്കിടയില്‍ ഗോള്‍ വലകള്‍ ചലിപ്പിക്കാനുള്ള ചടുലനീക്കങ്ങള്‍ നടത്തുകയാണ്‌ ഇന്നസെന്റിന്റെ അര്‍ജന്റീനയും ജില്ലാ പോലീസ്‌ മേധാവിയുടെ ബ്രസീലും.

View Comments

സംസ്ഥാന ചെസ്സിന്‌ തിരിതെളിഞ്ഞു
ഇരിങ്ങാലക്കുട ജ്യോതിസ്സ്‌ കോളേജില്‍ വച്ച്‌ നടക്കുന്ന സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തിന്‌ വര്‍ണ്ണാഭമായ തുടക്കം. ചാവറഹാളില്‍ നടക്കുന്ന മല്‍സരം അഡ്വ. തോമസ്‌ ഉണ്ണിയാടന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്‌തു. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 100ല്‍ പരം പേരാണ്‌ സംസ്ഥാന ചെസ്സ്‌ മല്‍ത്സരത്തില്‍ പങ്കെടുക്കുന്നത്‌. സ്വാഗതസംഘം രക്ഷാതികാരി ഫാ. സെബാസ്റ്റ്യന്‍ അബൂക്കന്‍ സി.എം.ഐ അദ്ധ്യക്ഷത വഹിച്ചു. യുവജന ക്ഷേമബോര്‍ഡ്‌ അംഗം യൂണിന്‍ മൊറേലി, ചെസ്സ്‌ അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട്‌ എം.എം. ബാബു, ടി.എം.എസ്‌്‌. നമ്പൂതിരിപ്പാട്‌, ഇന്ത്യന്‍ ചെസ്സ്‌ കോച്ച്‌ ടി.ജെ. സുരേഷ്‌കുമാര്‍, വിഷന്‍ ഇരിങ്ങാലക്കുട ചെയര്‍മാന്‍ ജോസ്‌.ജെ. ചിറ്റിലപ്പിള്ളി തുടങ്ങിയവര്‍ സംസാരിച്ചു. പീറ്റര്‍ ജോസഫ്‌ സ്വാഗതവും പി.ആര്‍. സ്റ്റാന്‍ലി നന്ദിയും പറഞ്ഞു. 19 വ്യാഴം 4 മണിക്ക്‌ പര്യവസാനിക്കും.