ഇരിങ്ങാലക്കുട:ഓണാവധിയും ആഘോഷങ്ങളും സമാധാനപൂര്‍ണ്ണവും അപകടരഹിതവുമാകട്ടെ എന്ന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വര്‍ഗ്ഗീസ്.ഓണാവധിക്കായി സ്‌കൂളും കോളജുകള്‍ അടച്ചു.വ്യാപാരവാണിജ്യ സ്ഥാപനങ്ങള്‍ നല്ലൊരു ഉത്സവ സീസണ്‍ തിരക്കിലുമാണ്. നഗരങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വലിയ തോതില്‍ തിരക്ക് അനുഭവപ്പെടുന്നുണ്ട്. ഇരുചക്ര,നാലുചക്ര വാഹനങ്ങളില്‍ എത്തുന്നവര്‍ നഗരഹൃദയത്തിന് മുന്‍പ് ഗതാകത തടസ്സം ഉണ്ടാകാത്ത രീതിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം. യാത്രക്കിടയില്‍ വില പിടിപ്പുള്ളവ നഷ്ടപ്പെടാതിരിക്കാനും ബസുകളിലും തിരക്കുള്ളയിടങ്ങളിലും തമിഴ് സ്ത്രീമോഷ്ടാക്കളുടെ കെണിയില്‍പ്പെടാതിരിക്കാനും ശ്രദ്ധിക്കണം. ട്രാഫിക് നിയമങ്ങളും പോലീസിന്റെ നിര്‍ദ്ദേശങ്ങളും കര്‍ശനമായി പാലിക്കുവാനും മദ്യപിച്ച് വാഹനമോടിക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു..കൂടാതെ യുവാക്കള്‍ക്കിടയില്‍ മദ്യപാനവും ലഹരി ഉപയോഗവും കൂടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ വളരെ ജാഗ്രത പാലിക്കണമെന്ന് ഡി.വൈ.എസ്.പി നിര്‍ദ്ദേശിച്ചു. രാജ്യത്തെ നിയമങ്ങളും നിയമ വ്യവസ്ഥകളും അച്ചടക്കമുള്ള തലമുറയെ വാര്‍ത്തെടുക്കുവാന്‍ കൂടിയുള്ളതാണ്.അതുകൊണ്ട് നിയമങ്ങളും നിയമ വ്യവസ്ഥകളും പാലിക്കുവാന്‍ ഓരോ പൗരനും ഉത്തരവാദിത്വമുണ്ട്. പല ആഘോഷങ്ങളിലും പരിപാടികള്‍ക്കിടയിലും ക്രിമിനലുകളും, മദ്യപിച്ചും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചുമെത്തുന്ന ചിലരാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്. എന്നാല്‍ ഇത് ആഘോഷങ്ങളുടേയും സാംസ്‌കാരിക പരിപാടികളു ടേയും മൊത്തത്തിലുള്ള ശോഭ തന്നെ കെടുത്തിക്കളയും. അതു കൊണ്ട് ഓണാഘോഷ പരിപാടികളുടെ സംഘാടകര്‍ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.ഓണാഘോഷത്തിനിടയില്‍ മദ്യവും ലഹരി പദാര്‍ത്ഥങ്ങളും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ആഘോഷത്തിന്റെ പേരു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങുന്ന തങ്ങളുടെ കുട്ടികള്‍ എവിടെ പോകുന്നു, എന്തു ചെയ്യുന്നു എന്നുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉത്തരവാദിത്വം ഉണ്ട്. ചില സ്ഥലങ്ങളില്‍ അര്‍ദ്ധരാത്രിയും പുലര്‍ച്ചെയും യുവാക്കള്‍ ഭക്ഷണം കഴിക്കാനെന്ന പേരില്‍ ഇരുചക്രവാഹനങ്ങളില്‍ കറങ്ങി നടക്കുന്നത് പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടാതെ കാലവര്‍ഷം ശക്തമായിരുന്നതിനാല്‍ മേഖലയിലെ കുളങ്ങളും,തോടുകളും നിറഞ്ഞു കവിഞ്ഞു കിടക്കുന്നു. അവധിക്കാല ആഘോഷങ്ങള്‍ക്ക് കുട്ടികള്‍ ഇറങ്ങുമ്പോള്‍ അപകടങ്ങളില്‍പ്പെടരുത്. അവധിക്കാലത്ത് കൂടുതല്‍ ദിവസം വീടുകള്‍ അടച്ചിട്ട് ദൂര’ സ്ഥലങ്ങളില്‍ പോകുന്നവര്‍ സ്വര്‍ണ്ണാഭരണങ്ങള്‍ പോലുള്ള വിലപിടിപ്പുള്ളവ വീടുകളില്‍ വച്ച് പോകാതിരിക്കുക. ഉത്സവ സീസണോടനുബന്ധിച്ച് തന്റെ അധികാര മേഖലയിലുള്ള എല്ലാ സ്റ്റേഷന്‍ പരിധികളിലും പോലീസ് പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു..എല്ലാ ആഘോഷങ്ങളും, കൂട്ടായ്മകളും മത രാഷ്ട്രീയ വേര്‍തിരിവുകള്‍ക്കധീതമായി മാനുഷിക സൗഹാര്‍ദ്ദം ഊട്ടി ഉറപ്പിക്കുവാനുള്ളതാണ്. എല്ലാ വിഭാഗം ആളുകള്‍ക്കും നന്മയുള്ളഉ ഒരു ഓണക്കാലം ആശംസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here