സൈബര്‍ പോരാളി ഡേവീസ് തെക്കേക്കര ഓര്‍മ്മയായിട്ട് ഒരു വര്‍ഷം

974

മുരിയാട് :മുന്‍ ഗ്രാമപഞ്ചായത്ത് അംഗവും നവമാധ്യമലോകത്തെ ഇടതുപക്ഷ രാഷ്ട്രീയ-സാമൂഹ്യ രംഗങ്ങളിലെ സൂഷ്മ നിരീക്ഷകനും സംവാദകനും ആയിരുന്ന ഡേവീസ് തെക്കേക്കര ഓര്‍മ്മയായിട്ട് ജൂലൈ 14 ന് ഒരു വര്‍ഷം തികയുന്നു. ഡേവീസ് തെക്കേക്കര രാഷ്ട്രീയ സാമൂഹികരംഗങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വലുപ്പം അദ്ദേഹത്തിന്റെ ജീവിതകാലഘട്ടത്തില്‍ അറിഞ്ഞതിനേക്കാള്‍ അദ്ദേഹത്തിന്റെ വേര്‍പാടിനുശേഷം അനുശോചനംരേഖപ്പെടുത്താന്‍ വന്ന രാഷ്ടീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരിലൂടെ ആണ് ജനം തിരിച്ചറിഞ്ഞത്. ആരാധകരുടേയും അനുയായികളുടേയും മനസ്സില്‍ ഇന്നും അനീതിക്കെതിരായ സാമൂഹ്യ ഇടപെടലുകളുടെ രക്തനക്ഷത്രമായി അദ്ദേഹം ശോഭിക്കുന്നു. ജൂലൈ 14ന് ശനിയാഴ്ച ഉച്ചതിരിഞ്ഞ് 2 മണിക്ക് ആനന്ദപുരം ഇ.എം.എസ്.ഹാളില്‍ നടത്തുന്ന അനുസ്മരണ സമ്മേളനം മുന്‍ നിയമസഭാസ്പീക്കറും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവുമായ കെ.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ‘മാനവീയം-നവമാധ്യമങ്ങളുടെ ലോകത്ത് ‘ എന്ന വിഷയത്തെ ആസ്പദമാക്കി ദേശാഭിമാനി റസി.എഡിറ്റര്‍, പി.എം.മനോജ് വിഷയാവതരണം നടത്തും. ഡേവീസ് തെക്കേക്കരയുടെ ജീവിതം ആസ്പദമാക്കി മകന്‍ ഡെലിന്‍ ഡേവീസ് നിര്‍മ്മിച്ച ഡോക്യുമെന്ററി ചിത്രം പ്രദര്‍ശനവും ഉണ്ടായിരിക്കും. വിദ്യഭ്യാസമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്, ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍മാസ്റ്റര്‍ എന്നിവര്‍ പങ്കെടുക്കും.

Advertisement