നവരസസാധന ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ അഞ്ഞൂറാമത് ചരമവാര്‍ഷിക സ്മരണാഞ്ജലി

124

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയേഴാമത് നവരസ സാധന ശില്‍പ്പശാല വിശ്വചിത്രകാരന്‍ ലിയോണാര്‍ഡോ ഡാവിഞ്ചിയുടെ അഞ്ഞൂറാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള സ്മരണാഞ്ജലിയായി സമര്‍പ്പിക്കുന്നു. ഒരു നാട്യാചാര്യനു തുല്യം തന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ഭാവപൂര്‍ണ്ണത കൈവരുത്തുവാന്‍ ഒരായുഷ്‌ക്കാല ഗവേഷണ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഡാവിഞ്ചി പഞ്ചേന്ദ്രിയങ്ങളിലൂടെ ഉണരുന്ന മനുഷ്യഭാവങ്ങളെ പഠിക്കുകയും കണ്ണിന്റെയും കാഴ്ചയുടടെയും അതിസൂക്ഷ്മതലങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയും ചെയ്തിരുന്നു. തന്റെ ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുതായ പ്രതീതിയുളവാക്കുവാന്‍ ദീര്‍ഘകാലം ഓരോ ചിത്രങ്ങളുടെയും പൂര്‍ണ്ണതക്കുവേണ്ടി തപസ്സിരുന്ന ഡാവിഞ്ചി ഒന്‍പതു കൊല്ലത്തോളം മിനുക്കുപണി ചെയ്തിട്ടും തൃപ്തിവരാത്ത ചിത്രമാണ് ഇത് വിശ്വവിഖ്യാതി നേടിയിട്ടുള്ള ‘മൊണാലിസ’. സംഗീതവും സുഗന്ധവും ഉള്‍പ്പെടെ അനുകൂല പശ്ചാത്തലവും ഡാവിഞ്ചി തന്റെ സ്റ്റുഡിയോയില്‍ സജ്ജീകരിക്കാറുണ്ടായിരുന്നു. നവരസ ശില്‍പ്പശാലയുടെ ഡയറക്ടര്‍ വേണുജി അഭിപ്രായപ്പെട്ടു. വേണുജിയുടെ കീഴില്‍ നവരസ സാധന പരിശീലിക്കുവാന്‍ എത്തുവരില്‍ പ്രശസ്ത കഥക് നര്‍ത്തകി ഷീല മേത്ത, മലേഷ്യയിലെ പ്രമുഖ നര്‍ത്തകന്‍ സൂരജ് സുബ്രഹ്മണ്യം, ഭരതനാട്യം നര്‍ത്തകിമാരായ പ്രതിഭ രാമസ്വാമി, മഞ്ജുള സുബ്രഹ്മണ്യ, അര്‍ച്ചന ഭട്ട്, മീരാ ഗോകുല്‍ തിയേറ്റര്‍ ആര്‍ട്ടിസ്റ്റുകളായ പ്രതീക് സുല്‍ത്താനിയ, പ്രാഗ്യ പ്രമിത തുടങ്ങി ഇരുപതോളം പേര്‍ പങ്കെടുക്കുന്നു. ഒക്‌ടോബര്‍ 16 ന് തുടങ്ങി 30 ന് സമാപിക്കുന്ന ശില്‍പ്പശാലയില്‍ ഒക്‌ടോബര്‍ 26 ന് വൈകുന്നേരം 4 ന് ഇരിങ്ങാലക്കുട നടനകൈരളിയില്‍ ശില്‍പ്പശാലയില്‍ പങ്കെടുക്കുന്ന പ്രമുഖരുടെ അഭിനയപ്രകടനങ്ങളുടെ അവതരണമുണ്ടാകും.

 

Advertisement