ഇരിങ്ങാലക്കുട: സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനത്തിന് തുടക്കമായി. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം സി.പി.ഐ. സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു.ഹൈന്ദവ ഫാസിസ്റ്റ് ശക്തികളെ ചെറുത്തുതോല്‍പ്പിക്കുന്നതിന് മുഴുവന്‍ മതേതര ശക്തികളുടേയും ഒരു വിശാല വേദി ആവശ്യമാണെന്നാണ് സി.പി.ഐ ആഗ്രഹിക്കുന്നതെന്ന് പ്രകാശ് ബാബു പറഞ്ഞു. എന്നാല്‍ ഇതൊരു തിരഞ്ഞെടുപ്പ് സഖ്യമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത് തെറ്റാണെന്നും ഇത് രാജ്യതാല്‍പര്യം സംരക്ഷിക്കുന്നതിനുള്ള വിശാലവേദി മാത്രമാണെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. നേരത്തെ കെ.സി. ഗംഗാധരന്‍ നേതൃത്വത്തില്‍ പതാകജാഥ മുന്‍ മന്ത്രി പി.കെ. ചാത്തന്‍ മാസ്റ്ററുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും എന്‍.കെ. ഉദയപ്രകാശ് നേതൃത്വത്തില്‍ ബാനര്‍ ജാഥ വി.വി. രാമന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും എം.ബി. ലത്തിഫ് നേതൃത്വത്തിലുള്ള കൊടിമരജാഥ കുട്ടംകുളം സമരനായിക പി.സി കുറുംബയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിച്ച് പൂതംകുളം മൈതാനിയില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന റെഡ് വളണ്ടിയര്‍ പരേഡിലും വനിതാമാര്‍ച്ചിലും നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്നു. ടൗണ്‍ഹാള്‍ അങ്കണത്തില്‍ സി.പി.ഐ. നേതാവ് എം.കെ. കോരന്‍ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് നടന്ന ഫാസിസ്റ്റ് വിരുദ്ധ സംഗമം സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം പി. പ്രസാദ് ഉദ്ഘടനം ചെയ്തു. എ.ഐ.ടി.യു.സി. സംസ്ഥാന സെക്രട്ടറി കെ.പി. രാജേന്ദ്രന്‍, പ്രൊഫ. മീനാക്ഷി തമ്പാന്‍, പി. മണി, ഷീല വിജയകുമാര്‍, വി.എസ്. പ്രിന്‍സ്, കെ. ശ്രീകുമാര്‍, ടി.ആര്‍. രമേശ് കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here