ഇരിങ്ങാലക്കുട നഗരസഭയുടെ വാര്‍ഷിക പദ്ധതിയിലെ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ പ്രൊജക്ടുകളില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുക വകയിരുത്തിയത് വിമര്‍ശനത്തിനിടയാക്കി.

399

ഇരിങ്ങാലക്കുട : നഗരസഭയുടെ 2018-2019 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയിലെ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ പ്രൊജക്ടുകളില്‍ എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുകയാണ് നീക്കി വച്ചിട്ടുള്ളതെന്ന് വിമര്‍ശനം. വെള്ളിയാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ എല്‍. ഡി. എഫ്. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി. വി. ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. പല പ്രവ്യത്തികളുടെയും എസ്റ്റ്‌മേറ്റ് തുകയേക്കാള്‍ കുറഞ്ഞ തുകയാണ് വകയിരുത്തിയിട്ടുള്ളത്. ഇത് പദ്ധതി അട്ടിമറിക്കുന്നതിനുള്ള ബോധപൂര്‍വ്വമായ ശ്രമമാണന്ന് പി. വി. ശിവകുമാര്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലേതു പോലെ ഈ വര്‍ഷവും പദ്ധതി പണം നഷ്ടപ്പെടാന്‍ ഇടയുള്ളതിനാല്‍ എഞ്ചിനിയറിങ്ങ് വിഭാഗത്തിലെ പ്രോജക്ടുകള്‍ പുനപരിശോധിക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പദ്ധതി പണം കുറവായതിനാലാണ് എസ്റ്റിമേറ്റ് തുകയേക്കാള്‍ കുറവില്‍ പണം നീക്കിവച്ചിട്ടുള്ളതെന്ന് ചൂണ്ടിക്കാട്ടിയ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ വി. സി. വര്‍ഗീസ് മത്സരാടിസ്ഥാനത്തില്‍ കരാറുകാര്‍ കരാറെടുക്കുമ്പോള്‍ നീക്കി വച്ച പണം ഉപയോഗിച്ച് ഭൂരിഭാഗം പ്രവ്യത്തികളും നിര്‍വ്വഹിക്കാനാകുമെന്ന് വിശദീകരിച്ചു. നാല്‍പത്തിയൊന്നു കൗണ്‍സിലര്‍മാരും തങ്ങളുടെ വാര്‍ഡുകളില്‍ പ്രവ്യത്തികള്‍ വേണമെന്ന നിലപാടില്‍ ഉറച്ച് നിന്നതു മൂലമാണ് എല്ലാ വാര്‍ഡുകളെയും ഉള്‍പ്പെടുത്തി പദ്ധതി തയ്യാറാക്കിയത്. കൂടുതല്‍ ഫണ്ട് ആവശ്യമായ പ്രവ്യത്തികള്‍ ബഹുവര്‍ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വി. സി. വര്‍ഗീസ് വിശദീകരിച്ചു. സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പണം തരാന്‍ തയ്യാറാകാതിരുന്നതും പദ്ധതി പണം കുറയാന്‍ ഇടയായതായി ചൂണ്ടിക്കാട്ടിയ വി. സി. വര്‍ഗീസ് മാര്‍ച്ച്് 31 ന് വൈകീട്ട് നാലരക്ക്് ഇരിങ്ങാലക്കുട നഗരസഭ സമര്‍പ്പിച്ച ബില്‍ പാസ്സാക്കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ രാത്രി എട്ടു മണിക്ക്് തിരൂര്‍ നഗരസഭ സമര്‍പ്പിച്ച ബില്‍ പാസ്സാക്കിയതായും കുറ്റപ്പെടുത്തി. ഈ പരാമര്‍ശത്തിനെതിരെ എല്‍. ഡി. എഫ്. അംഗങ്ങള്‍ രംഗത്തു വന്നത് യു. ഡി. എഫ്-എല്‍. ഡി. എഫ്. അംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് വഴിവച്ചു. പന്ത്രണ്ടു മാസം ഉണ്ടായിട്ടും പദ്ധതി നിര്‍വ്വഹണം നടത്താതെ മാര്‍ച്ച് 31 ന് ബില്‍ പാസ്സാക്കിയില്ലെന്ന് പറഞ്ഞ് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്താനാവില്ലെന്നും ഭരണ നേത്യത്വത്തിന് സംഭവിച്ച വീഴ്ച അംഗീകരിക്കണമെന്നും എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിന്‍ പറഞ്ഞു. എന്നാല്‍ മാര്‍ച്ച് 31 ന് വൈകീട്ട് അഞ്ചു മണി വരെ സമര്‍പ്പിച്ച ബില്ലുകള്‍ പാസ്സാക്കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമുണ്ടെന്ന് വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു ചൂണ്ടിക്കാട്ടി. വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് രണ്ടു വട്ടം ചേര്‍ന്ന യോഗത്തിലും ഉന്നയിക്കാത്ത വിഷയമാണ് ഇപ്പോള്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ ഉന്നയിക്കുന്നതെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ചിരുന്ന മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു പറഞ്ഞു. കണ്ടിജന്റ് ജീവനക്കാരിയെ നിയമിക്കുന്നത് സംബന്ധിച്ച അജണ്ടയും തര്‍ക്കത്തിന് വഴിവച്ചു. കൂടുതല്‍ കണ്ടിജന്റ് ജീവനക്കാരെ നിയമിക്കാന്‍ സര്‍ക്കാരിനോട് അനുമതി വാങ്ങണമെന്ന് എല്‍. എല്‍. ഡി. എഫ് അംഗം എ.ം സി. രമണന്റെ ആവശ്യമാണ് യു. ഡി. എഫ്. അംഗങ്ങളുമായുള്ള തര്‍ക്കത്തിനിടയാക്കിയത്. മുണ്ടു മുറുക്കിയുടുക്കാന്‍ ആവശ്യപ്പെടുന്നത് സംസ്ഥാന ധനകാര്യ മന്ത്രി തോമസ് ഐസക്കാണന്നും കൂടുതല്‍ തസ്തിക സ്യഷ്ടിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്നും യു. ഡി. എഫ്. അംഗം കുരിയന്‍ ജോസഫ് ചൂണ്ടിക്കാട്ടി. എന്നാല്‍ തിരൂര്‍ പോലുള്ള നഗരസഭകളില്‍ കൗണ്‍സില്‍ നേരിട്ട് കണ്ടിജന്റ് ജീവനക്കാരെ നിയമിച്ചിട്ടുണ്ടെന്ന് എല്‍. ഡി. എഫ്. അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ എന്നാല്‍ ജീവനക്കാരെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കണമെന്നും, എന്നാല്‍ മാത്രമെ കൗണ്‍സിലിന് ജീവനക്കാരെ നിയമിക്കാന്‍ കഴിയുകയുള്ളുവെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവും സെക്രട്ടറി ഒ. എന്‍. അജിത്ത്കുമാറും വിശദീകരിച്ചു. ചെയര്‍പേഴ്‌സന്റെ വാഹനത്തിന് ഇന്ധനം നിറച്ച വകയില്‍ നല്‍കേണ്ട പണത്തെ കുറിച്ചും കൗണ്‍സില്‍ യോഗത്തില്‍ തര്‍ക്കം നടന്നു. ഒരു വര്‍ഷത്തെ ഒരുമിച്ച് പാസ്സാക്കുന്നതിനെ എല്‍. ഡി. എഫ് അംഗങ്ങളായ പി. വി. ശിവകുമാറും, എം. സി. രമണനും എതിര്‍ത്തു. എല്ലാ മാസവും ബില്‍ പാസ്സാക്കി പണം നല്‍കണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ മാത്രം യാത്ര ചെയതതല്ലെന്നും താനുള്‍പ്പെടെയുള്ള കൗണ്‍സിലര്‍മാരും ജീവനക്കാരും ഈ വാഹനമാണ് ഉപയോഗിക്കുന്നതെന്നു സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ എം. ആര്‍. ഷാജു ചൂണ്ടിക്കാട്ടി.

 

Advertisement