സിവില്‍ സ്‌റ്റേഷന്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ സമീപത്തെ വ്യാപാര സ്ഥാപനങ്ങള്‍ അറ്റകുറ്റപണി നടത്തണമെന്നാവശ്യം.

871

ഇരിങ്ങാലക്കുട : സിവില്‍ സ്‌റ്റേഷന്‍ റോഡിലെ തകര്‍ന്ന ഭാഗങ്ങള്‍ അറ്റകുറ്റപപണി നടത്തുന്നതിനുള്ള ചിലവ് സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും ഈടാക്കണമെന്ന് എല്‍. ഡി. എഫ്. അംഗങ്ങളായ പി. വി. ശിവകുമാര്‍, സി. സി. ഷിബിന്‍, ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ എന്നിവര്‍ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ഇവിടെ പ്രവര്‍ത്തിക്കുന്ന സണ്ണി സില്‍ക്ക്സും, നവരത്ന സൂപ്പര്‍മാര്‍ക്കറ്റും കാന ഉയര്‍ത്തി കെട്ടിയതാണ് ഇവിടെ വെള്ളക്കെട്ടിനും തുടര്‍ന്ന് റോഡ് തകരാനും ഇടയാക്കിയത്. അടിന്തിരമായി ഈ സ്ഥാപനങ്ങള്‍ ഇട്ടിട്ടുള്ള സ്ലാബ് നീക്കി വെള്ളം ഒലിച്ചു പോകാനുള്ള സൗകര്യം ഒരുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു.തന്നെയുമല്ല അപകടമൊഴിവാക്കാന്‍ കുഴികളടയ്ക്കാന്‍ നഗരസഭ ക്വാറി വെയ്സ്റ്റ് അടിച്ചതില്‍ മുഴുവന്‍ കൂറ്റന്‍ കരിങ്കല്‍ കഷ്ണങ്ങളാണെന്നും ഇത് അപകടഭീഷണി വര്‍ദ്ധിപ്പിക്കുന്നുവെന്നും ആക്ഷേപം ഉയര്‍ന്നു. എന്നാല്‍ ആറു ലക്ഷം രൂപ ചിലവഴിച്ച് നഗരസഭ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന വാര്‍ത്തകള്‍ അവാസ്തവമാണന്ന് യു. ഡി. എഫ്. അംഗം അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു. കഴിഞ്ഞ കൗണ്‍സില്‍ തീരുമാനിച്ചതനുസരിച്ച് ക്വാറി വെയ്സ്റ്റ് അടിച്ച് അറ്റകുറ്റപണികള്‍ മാത്രമാണ് നടത്തിയിട്ടുള്ളത്. സ്വകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി ചെയര്‍പേഴസ്ണ്‍ ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും സ്ഥാപനങ്ങളുടെ സഹകരണത്തോടെ റോഡില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും അഡ്വ വി. സി. വര്‍ഗീസ് പറഞ്ഞു.നഗരസഭയുടെ പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കത്തതിനെതിരെ യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാറാണ് വിഷയം ഉന്നയിച്ചത്. പതിമുന്നു ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച യൂണിറ്റ് മുന്നു മാസം മുന്‍പ് മന്ത്രിയെ കൊണ്ട് ഉദ്ഘാടനം നടത്തിയ ശേഷം യൂണിറ്റ് പ്രവര്‍ത്തനക്ഷമനമാക്കാന്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ശിവകുമാര്‍ ചൂണ്ടിക്കാട്ടി. ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നഗരസഭ നിര്‍മാണം ആരംഭിച്ച ഇന്‍സിനേറ്ററും, ഖരമാലിന്യ സംസ്‌കരണ പ്ലാന്റും പാതി വഴിയില്‍ ഉപേക്ഷിച്ചിരിക്കുകയാണ്. പ്ലാസ്റ്റിക് ഷ്രെഡ്ഡിങ്ങ് യൂണിറ്റില്‍ പ്ലാസ്റ്റിക് കുന്നുകൂടി കിടക്കുകയാണന്ന് ചൂണ്ടിക്കാട്ടിയ ശിവകുമാര്‍ നഗരസഭ കോടികള്‍ ചിലവഴിക്കുന്ന പദ്ധതികള്‍ നശിച്ചു പോകുന്ന അവസ്ഥയാണന്ന് ചൂണ്ടിക്കാട്ടി. എന്നാല്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്ക് വര്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നും ഒരു മാസത്തിനകം പണി പൂര്‍ത്തിയാകുമെന്നും മുനിസിപ്പല്‍ സെക്രട്ടറി വിശദീകരിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ അനുമതി ലഭ്യമാകേണ്ടുതു കൊണ്ടാണ് ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ക്ക് കാലതാമസം നേരിട്ടതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു പറഞ്ഞു. ആവശ്യമായ വൈദ്യുതി കണക്ഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഒരു മാസത്തിനകം യൂണിറ്റ് പ്രവര്‍ത്തനക്ഷമമാക്കുവാന്‍ കഴിയുമെന്ന് എം. ആര്‍. ഷാജു പറഞ്ഞു. ഖരമമാലിന്യ സംസ്‌കരണ പ്ലാന്റിന്റെ കെട്ടിട നിര്‍മാണത്തിലെ സാങ്കേതിക പിഴവാണ് കെട്ടിട നിര്‍മാണം ഉപേക്ഷിക്കാന്‍ ഇടയാക്കിയത്. ഇതില്‍ നഗരസഭക്ക് സാമ്പത്തിക നഷ്ടം ഉണ്ടായിട്ടില്ലെന്നും എം. ആര്‍. ഷാജു വിശദീകരിച്ചു. സെപ്തംബറില്‍ എല്ലാ വാര്‍ഡുകളില്‍ നിന്നും പ്ലാസ്റ്റിക് ശേഖരിച്ച് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു യോഗത്തെ അറിയിച്ചു. ഇപ്പോ തന്നെ ശരിയാക്കണമെന്ന് പറയുന്നത് അംഗീകരിക്കാനാകില്ലെന്ന ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവിന്റെ പരാമശത്തില്‍ എല്‍. ഡി. എഫ്. അംഗങ്ങള്‍ പ്രതിഷേധിച്ചു. മൂന്നു മാസം യൂണിറ്റ് ആരംഭിക്കുന്നതിന് എന്ത് നടപടി സ്വീകരിക്കണമെന്ന് എല്‍. ഡി. എഫ്. അംഗം. പി. വി. ശിവകുമാര്‍ ആവശ്യപ്പെട്ടു. നഗരസഭയിലെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഭരണ-പ്രതിപക്ഷാംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. 2017-2018 വര്‍ഷത്തെ നഗരസഭയുടെ ധനകാര്യ പത്രിക സംബന്ധിച്ച് അജണ്ടയില്‍ ഇടപെട്ടു സംസാരിക്കുകയായിരുന്നു അംഗങ്ങള്‍. നഗരസഭയില്‍ മാസം അന്‍പതു ലക്ഷം രൂപ വരുമാനവും അറുപത്തിയഞ്ചു ലക്ഷം രൂപ ചിലവും വരുന്നതായി ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരിച്ചു. പൊറത്തിശ്ശേരി മേഖലയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മുപ്പത്തിനാലു ലക്ഷം രൂപ കുടിശ്ശിഖയായി പിരിച്ചെടുക്കാനുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വ വി. സി. വര്‍ഗീസ്, എം. ആര്‍. ഷാജു, പി. എ. അബ്ദുള്‍ ബഷീര്‍, സോണിയ ഗിരി, പി. വി. ശിവകുമാര്‍, സി. സി. ഷിബിന്‍, എം. സി. രമണന്‍, മീനാക്ഷി ജോഷി, സന്തോഷ് ബോബന്‍, രമേഷ് വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement