ഇരിങ്ങാലക്കുട : ജയില്‍ വകുപ്പിന്റെ സഹായത്തോടെ ജയില്‍ അന്തേവാസികള്‍ക്കിടയില്‍ നിന്നൊരു സിനിമ. ജയില്‍ അന്തേവാസികള്‍തന്നെ അഭിനേതാക്കളും അണിയറപ്രവര്‍ത്തകരുമാകുന്ന പത്തുമിനിട്ട് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രം എബിസിഡി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചു നടന്ന പ്രത്യേക പരിപാടിയില്‍ പ്രകാശനം ചെയ്തു. ബേക്കല്‍ ബിരിയാണിയും ജയില്‍ ചപ്പാത്തിയുമെല്ലാം വിപണിയില്‍ ഹിറ്റാക്കിയ കാസര്‍ഗോഡ് ചീമേനി തുറന്ന ജയിലില്‍ നിന്ന് ഇത്തവണ പുറത്തിറങ്ങുന്നത് ഒരു ചലച്ചിത്രം. ജയിലിലെ 23 തടവുകാര്‍ ചേര്‍ന്നൊരുക്കിയ ഹൃസ്വചിത്രമാണു ജയിലുകളുടെ ചരിത്രത്തില്‍ പുത്തന്‍ അദ്ധ്യായം തീര്‍ത്തത്. ചീമേനി തുറന്ന ജയിലിലെ അന്തേവാസിയായ ഇരിങ്ങാലക്കുടക്കാരന്‍ ഷാ തച്ചിലത്താണ് ചിത്രത്തിലെ മുഖ്യതാരം. ഷാ തച്ചിലത്ത് കഴിഞ്ഞ മാസം 20 ദിവസത്തെ പരോളില്‍ വന്ന സമയത്ത് മൈനാകം എന്ന ഹൃസ്വചിത്രം എടുത്തിരുന്നു. ഇത് മാധ്യമങ്ങിലും സോഷ്യല്‍മീഡിയയിലും വാര്‍ത്തയായിരുന്നു. ഷാ ജയില്‍ വച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശനവും ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
ജയില്‍ വൊക്കേഷണല്‍ ട്രെയിനിംഗ് കോഴ്സിന്റെ ഭാഗമായി സിനിമയെകുറിച്ച് പഠിച്ചാണു തടവുകാര്‍ സിനിമ നിര്‍മ്മിച്ചത്. കലാചിത്ര സംവിധായകനായ എല്‍.ചിദംബര പളനിയപ്പന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. ജയില്‍ സൂപ്രണ്ട് ജയകുമാര്‍ മുഖേന സമര്‍പ്പിച്ച ആശയത്തിനു സംസ്ഥാന ജയില്‍ മേധാവിയുടെ അംഗീകാരം ലഭിച്ചതോടെയാണു തടവുകാരുടെ സിനിമയ്ക്കു വഴിയൊരുങ്ങിയത്. ഇരുന്നുറോളം പേരാണ് ജയിലിലെ അന്തേവാസികള്‍. ഇവരില്‍നിന്ന് സിനിമാനിര്‍മ്മാണത്തില്‍ താല്‍പര്യമുള്ള 23 പേരെ കണ്ടെത്തി ആദ്യഘട്ടത്തില്‍ പരിശീലനം ന്ല്‍കി. വിവിധ പ്രായത്തിലുള്ളവര്‍ സംഘത്തിലുണ്ടായിരുന്നു. എഴുപതുകാരനായ അബൂബക്കറായിരുന്നുഏറ്റവും മുതിര്‍ന്നയ്യാള്‍. സിനിമാ നിര്‍മ്മാണത്തിന്റെ പ്രാഥമികപാഠങ്ങള്‍ മനസിലാക്കുന്നതിനായി 15 ദിവസം നീണ്ട പരിശീലനമാണ് ഇവര്‍ക്ക് ലഭിച്ചത്.സിനിമ ചിത്രീകരിക്കുക എന്നതായിരുന്നു അടുത്തപടി. ആദ്യം ഒരു കഥ കണ്ടെത്തണം.ഇതിനായി പരിശീലനത്തില്‍ പങ്കെടുത്തവരെ മൂന്നു സംഘങ്ങളായി തിരിച്ചു. ഒന്നിനൊന്നു മികച്ച കഥകളാണ് അവര്‍ തയ്യാറാക്കിയത്. ഒടുവില്‍ എല്ലാവരുടെയും അഭിപ്രായംതേടി ഇവയിലൊന്നു ചിത്രീകരണത്തിനായി തെരഞ്ഞെടുക്കുകയായിരുന്നു. ജയില്‍ വളപ്പില്‍ തന്നെ ലൊക്കേഷന്‍ കണ്ടെത്തി. രാത്രി പകലാക്കി തടവുകാര്‍ തന്നെ സെറ്റിട്ടു. ജയില്‍ വസ്ത്രങ്ങള്‍ സിനിമ കോസ്റ്റിയുമുകളായി മാറി. തടവുകാരുടെ അദ്ധ്യാപനവും ജയില്‍ സൂപ്രണ്ട് ജയകുമാര്‍, വെല്‍ഫെയര്‍ ഓഫിസര്‍ ശിവപ്രസാദ് എന്നിവരുടെ പ്രോത്സാഹനവും കൂടിയായപ്പോള്‍ ചിത്രീകരണം അതിവേഗം പൂര്‍ത്തിയായി.നിരക്ഷരരായ തൊഴിലാളികള്‍ക്ക് അവരിലൊരാളായി വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം പകരുന്ന അദ്ധ്യാപകന്റെ കഥയാണ് എബിസിഡി പറയുന്നത്. ഷാ തച്ചില്ലമാണ് അദ്ധ്യാപകന്റെ റോളില്‍ അഭിനയിച്ചത്. സംഭാഷണങ്ങള്‍ ഇല്ലെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിദംബര പളനിയപ്പന്റെ മേല്‍നോട്ടത്തിലായിരുന്നു ചിത്രീകരണം.ഷാന്‍ റഹ്മാനാണ് ക്യാമറമാന്‍. ക്യാമറയും എഡിറ്റിംഗും ഒഴികെയുള്ള മറ്റെല്ലാ ജോലികളും തടവുകാര്‍ തന്നെയാണ് കൈകാര്യം ചെയ്തിട്ടുള്ളത്.അറിഞ്ഞോ അറിയാതെയോ ചില നിമിഷങ്ങളില്‍ പറ്റിയ തെറ്റുകളില്‍ ശിക്ഷ അനുഭവിക്കുന്ന കുറെ ജീവിതങ്ങള്‍. ഇന്നവര്‍ ചെയ്ത കാര്യങ്ങളെ ന്യായീകരിക്കുന്നില്ല. തിരിച്ചറിവും സ്നേഹവും നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് അവരെ തുറന്ന ജയിലിന്റെ വിശാലമായ പുതിയൊരു ലോകത്തെത്തിച്ചു. ഇന്ന് സമൂഹത്തിലെ ഏതൊരു വ്യക്തിയെപ്പോലെയും ജീവിക്കാനുള്ള കാഴ്ചപ്പാടുകള്‍ അവരിലേയ്ക്ക് പകര്‍ന്ന് നല്‍കിയത് തുറന്ന ജയിലിന്റെ ഭൗതീകാന്തരീക്ഷവും ഉദ്യോഗസ്ഥരുടെ നല്ല മനസ്സുമാണ്. അതിലേയ്ക്ക് ചിദംബര പളനിയപ്പന്‍ എന്ന എഴുത്തുകാരന്റേയും സംവിധായകന്റേയും കരവിരുത് കൂടി സ്വീകരിക്കപ്പെട്ടപ്പോള്‍ എബിസിഡി യാഥാര്‍ത്ഥ്യമായി. ജയിലില്‍ നിന്നും ഇനിയുള്ള ഓരോ കലാ പിറവികള്‍ക്കും ഒരേടായി എബിസിഡി ഇനി ജനഹൃദയങ്ങളിലേയ്ക്ക്.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here