ക്രിസ്മസ് തലേന്ന് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഭയപെടുത്തി : രണ്ട്‌പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെട്ടു.

1591

ആളൂര്‍: ക്രിസ്മസ് തലേന്ന് ആളൂരില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടു പെണ്‍കുട്ടികള്‍ അപകടത്തില്‍പ്പെടാനിടയാക്കിയത് യുവാക്കള്‍ ബൈക്കില്‍ പിന്തുടര്‍ന്ന് ഭയപ്പെടുത്തിയയതുകൊണ്ടാണെന്ന് പരാതി. രാത്രിയില്‍ കൂട്ടുകാരിയുടെ വീട്ടില്‍ പുല്‍ക്കൂട് കണ്ട് അളൂരിലെ വീട്ടിലേയ്ക്ക് മടങ്ങിയിരുന്ന പെണ്‍കുട്ടികളാണ് നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിച്ച് കനാലിലേയ്ക്ക് തെറിച്ചുവീണത്. പുലിപ്പാറക്കുന്ന് സഹൃദയ കോളജ് വിദ്യാര്‍ഥിനിയും ആളൂര്‍ അരീക്കാട്ട് ബേബിയുടെ മകളുമായ എയ്ഞ്ചല്‍ (19),ആളൂര്‍ പെരേപ്പാടന്‍ ജോയിയുടെ മകള്‍ എയ്ഞ്ച റോസ് (22) എന്നിവരാണ് പരിക്കേറ്റ് തൃശൂരിലെ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.രാത്രി എട്ടരയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുവരും പതിനഞ്ച് അടിയോളം ആഴമുള്ള കനാലിലേക്ക് തെറിച്ചു വീണു.എയ്ഞ്ച റോസിന്റെ തലയ്ക്കും ഇടുപ്പിനും ഗുരുതര പരുക്കേറ്റു. എയ്ഞ്ചലിന്റെ കാലുകള്‍ ഒടിഞ്ഞു തൂങ്ങി. എയ്ഞ്ചലാണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്.സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു.ഏറെ ശ്രമകരമായാണ് ആളൂര്‍ പോലീസും ഏതാനും യുവാക്കളും ചേര്‍ന്ന് ഇരുവരേയും കനാലില്‍ നിന്ന് പുറത്തെടുത്തത്.ക്രിസ്മസ് രാത്രിയില്‍ ബൈക്കുകളില്‍ അഭ്യാസം നടത്തിയ യുവാക്കള്‍ ഭയപ്പെടുത്തിയപ്പോള്‍ നിയന്ത്രണം വിട്ട് കലുങ്കില്‍ ഇടിയ്ക്കുയ്കയായിരുന്നെന്ന് പെണ്‍കുട്ടികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.ആളൂര്‍ എസ് ഐ വി.വി.വിമലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Advertisement