ഇന്ത്യയുടെ യശ്ശസുയര്‍ത്തിയ ആ സന്ദേശം ലോകത്തിന്റെ ചെവിയിലേക്ക് പറന്നെത്തിയത് ഒരു പെണ്‍കുട്ടിയുടെ സ്വരത്തില്‍ .അത് മറ്റാരുമായിരുന്നില്ല.ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്ക് സമീപം മാരുതി കല്പ്പത്തില് ഡോ.എന്‍.വി കൃഷ്ണന്റെ മകള്‍ അനുരാധയുടേതായിരുന്നു.മംഗളയാന്‍ ദൗത്യത്തിന്റെ അഭിമാനമുഹൂര്‍ത്തങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ഐ.എസ്.ആര്.ഒ നിയോഗിച്ച രണ്ടു ശാസ്ത്രജ്ഞരില്‍ ഒരാളാണ് ഐ.എസ്.ആര്.ഒയിലെ സീനിയര്‍ സയന്റിസ്റ്റായ അനുരാധാ എസ്.പ്രകാശ. മംഗളയാന്റെ വിജയദൗത്യത്തിനു ശേഷം ആദ്യമായി ഇരിങ്ങാലക്കുടയില്‍ എത്തിയ അവരുടെ ആദ്യപ്രതികരണം ഇതായിരുന്നു.'എല്ലാം ഒരു സ്വപ്നം പോലെ '. മാരുതി കല്പ്പത്തില് വച്ച് ഇരിങ്ങാലക്കുട ഡോട്കോമിനു നല്കിയ അഭിമുഖത്തിലാണ് അനുരാധാ മനസ്സ് തുറന്നത്.
ഐ.എസ്.ആര്.ഒയില്‍ ജോലി ചെയ്യാനുള്ള അവസരം തന്നെ വെല്ലുവിളിയാണ്. അവിടെ ജോലി ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത ആവേശവും സന്തോഷവുമാണു തോന്നിയതെന്ന് അനുരാധ പറഞ്ഞു. ഇരിങ്ങാലക്കുട സഹകരണാശുപത്രിക്ക് എതിരെയുള്ള മാരുതി കല്‍പ്പം എന്ന വസതിയിലെ ഡോ. എന്‍.വി കൃഷ്ണന്, ജയലക്ഷ്മി എന്നിവരുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് അനുരാധ. പിതാവ് ബംഗാളിലായിരുന്നതിനാല് സ്കൂള്‍ വിദ്യാഭ്യാസം ബംഗാളിലായിരുന്നു. പ്രിഡിഗ്രി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജില്‍, ഡിഗ്രി ക്രൈസ്റ്റ് കോളേജില്‍. തുടര്‍ന്ന് കൊച്ചിന് യൂണിവേഴ്സിറ്റിയില്‍ നിന്നും എം.എസ്.സി ഫിസിക്സും പാസ്സായി. പിന്നിട് കുറച്ചുനാള്‍ സെന്റ് ജോസഫ്സ് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍. പഠനശേഷം ബാംഗ്ലൂരില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ ബെയ്സ്ഡ് സോഫ്റ്റ് വെയര്‍ കമ്പനിയായ യുനിസിസിലെ പ്രോജക്റ്റ് മാനേജരായ സ്വയം പ്രകാശയെ വിവാഹം ചെയ്തശേഷം ബാംഗ്ലൂരില്‍ താമസമാക്കിയതാണ് വഴിത്തിരിവായത്. ആദ്യമായി അനുരാധ ജോലിക്കായി അപേക്ഷിച്ചത് ഐ.എസ്.ആര്.ഒയിലായിരുന്നു. അത് കിട്ടുകയും ചെയ്തു. 2001 ഓഗസ്റ്റിലാണ് ഐ.എസ്.ആര്.ഒയില്‍ പ്രവേശിച്ചത്. ഇതിനോടകം തന്നെ ഐ.എസ്.ആര്.ഒ നടത്തിയ നിരവധി ബഹിരാകാശ ഗവേഷണങ്ങളില്‍ പങ്കാളികളാകാന്‍ അനുരാധയ്ക്ക് കഴിഞ്ഞു. 2012ല്‍ വിക്ഷേപിച്ച ഇന്ത്യയുടെ ജി.എസ്.എല്‍.വി 12 റോക്കറ്റിന്റെ പ്രോജക്റ്റ് ഡയറക്ടര്‍മാരില്‍ ഒരാളായിരുന്നു അനുരാധ. മൂന്ന് വനിതകള്‍ നേതൃത്വം നല്കിയ ജി.എസ്.എല്‍.വി റോക്കറ്റിന്റെ സാറ്റ്ലൈറ്റ് ഓപ്പറേഷന്‍സ് ഡയറക്ടറായിരുന്നു അനുരാധ.
ചരിത്രപരമായ നിയോഗം
ഇന്ത്യയുടെ ആദ്യ ഗ്രഹാന്തര ദൗത്യമായ ചൊവ്വയിലേയ്ക്കുള്ള മംഗളയാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ലോകത്തെ അറിയിച്ചത് അനുരാധയായിരുന്നു. ഐ.എസ്.ആര്.ഒ ടെലിമെന്ററി ട്രാക്കിംഗ് ആന്റ് കമാന്റ് നെറ്റ് വര്‍ക്ക് istrac ന്റെ ബാംഗ്ലൂര്‍ കേന്ദ്രത്തില്‍ നിന്നായിരുന്നു തല്‍സമയ സംപ്രേക്ഷണം. ആലോക് കുമാര്‍ ശ്രീവാസ്തവയും ചേര്‍ന്ന് നടത്തിയ രണ്ടുമണിക്കൂര്‍ നീണ്ട സംപ്രേക്ഷണത്തില്‍ ഒരു മണിക്കൂറും 15 മിനിറ്റും ഉള്ളപ്പോള്‍ മാര്‍സ് ഓര്‍ബിറ്റ് മിഷന് സക്സസ്സ് എന്ന് പ്രഖ്യാപിക്കാനുള്ള ഭാഗ്യവും അനുരാധയ്ക്കുണ്ടായി.
വിജയത്തിനു പിന്നില്‍ കുടുംബവും കഠിനാധ്വാനവും
സാധാരണ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ 5 വരെയാണ് ഡ്യൂട്ടിയെങ്കിലും ഓരോ പ്രോജക്റ്റുകള്‍ക്ക് തുടക്കം കുറിച്ചുകഴിഞ്ഞാല് പിന്നെ ഇരുപത്തിനാല് മണിക്കൂറും എല്ലാവരും അതിന് പിറകെയാണ്. ആ പ്രോജക്റ്റിന്റെ പരിപൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള പ്രയത്നമാണ്. മംഗളയാന്‍ അടക്കമുള്ള വിജയങ്ങള്‍ക്ക് പിറകിലും അതാണെന്നും അനുരാധ വ്യക്തമാക്കി. തന്റെ വിജയത്തിന് ഏറെ കടപ്പെട്ടിരിക്കുന്നത് ഭര്‍ത്താവിനോടും, അച്ചനമ്മമാരോടുമാണെന്ന് അനുരാധ പറഞ്ഞു. ഒരു ശാസ്ത്രജ്ഞയായി ജോലി ചെയ്യുന്ന തന്നെ കഴിഞ്ഞ 13 വര്‍ഷത്തില്‍ ഒരിക്കല്‍ പോലും അച്ചനോ, ഭര്‍ത്താവോ നിരുത്സാഹപ്പെടുത്തിയിട്ടില്ല. ഏത് കാര്യം ചെയ്യുമ്പോഴും അവര്‍ നല്കുന്ന പ്രോത്സാഹനം വലുതാണെന്ന് അനുരാധ പറഞ്ഞു. ചെറുപ്പം മുതലെ പുസ്തകങ്ങള്‍ വായിക്കാനാണ് താനേറെ ഇഷ്ടപ്പെട്ടിരുന്നതെന്ന് അനുരാധ പറഞ്ഞു. പഠനത്തില്‍ റാങ്ക് കിട്ടുമ്പോഴും, പിറന്നാള്‍ അടക്കമുള്ള വിശേഷ ദിവസങ്ങളിലും എന്ത് സമ്മാനമാണ് വേണ്ടതെന്ന് അച്ചന് ചോദിച്ചാല്‍ പുസ്തകം വാങ്ങിതരണമെന്നാണ് താന്‍ പറയാറുള്ളതെന്ന് അനുരാധ പറഞ്ഞു. അതിന് പ്രത്യേക കാറ്റഗറികളുണ്ടായിരുന്നില്ല. കഥ, കവിത, തുടങ്ങി എല്ലാ പുസ്തകങ്ങളും വായിക്കാന്‍ താല്പര്യമാണെന്നും അവര്‍ പറഞ്ഞു.
ബഹിരാകാശം -വിശാലം സമുദ്രം
ചൊവ്വാ ദൗത്യം ആദ്യ ഉദ്യമത്തില്‍ തന്നെ വിജയിക്കുന്ന ലോകത്തിലെ ആദ്യത്തെ രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയുടെ വിജയം ഇവിടത്തെ യുവാക്കളടക്കമുള്ള യുവതലമുറയെ ഏറെ പ്രചോദിപ്പിച്ചിട്ടുണ്ട്. ബഹിരാകാശ ഗവേഷണത്തെ കുറിച്ചറിയാനും പഠിക്കാനും അവര്‍ താല്പര്യം പ്രകടിപ്പിക്കുന്നു. അത് വലിയ കാര്യമാണ്. അതിനെ ഉയര്‍ത്തികൊണ്ടുവരികയാണ് വേണ്ടത്. അറുപത് ശതമാനത്തിലേറെ വരുന്ന ഇന്ത്യയിലെ യുവതലമുറയ്ക്ക് ഏറെ ചെയ്യാന്‍ കഴിയും. നാളത്തെ ലോകം നമ്മുടേതാണ്. നേരത്തെ ഐ.എസ്.ആര്.ഒ നടത്തിയ ചില പരീക്ഷണങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ ആളുകള്‍ ഏറെ പരിഹസിച്ചിരുന്നു. പത്ത് പരീക്ഷണങ്ങളില്‍ ഒന്നോ, രണ്ടോ പരാജയപ്പെടുമ്പോള്‍ വിജയങ്ങളെ മൂടിവെച്ച് പരാജയങ്ങളെ ഉയര്‍ത്തികാണിക്കുന്നതാണ് പ്രശ്നം. വിജയമായാലും പരാജയമായാലും അതിനുപിന്നിലുള്ള പ്രയത്നം രണ്ടിനും തുല്യമാണെന്നും അനുരാധ കൂട്ടിച്ചേര്‍ത്തു. വിവിധ പദ്ധതികളുമായി ഐ.എസ്.ആര്.ഒ എന്നും സജീവമാണെന്ന് അനുരാധ പറഞ്ഞു. നൂറുകണക്കിന് ശാസ്ത്രജ്ഞരാണ് പദ്ധതികളുടെ പ്രവര്‍ത്തനങ്ങളുമായി പ്രയത്നിക്കുന്നത്. ഐ.എസ്.ആര്.ഒയുടെ പുതിയ പദ്ധതികളായ ജിസാറ്റ് 11, ജിസാറ്റ് 9, ജീസാറ്റ് 18 എന്നിവയുടെ പ്രോജക്റ്റ് മാനേജരാണ് അനുരാധ. എന്തിനെ കുറിച്ചറിയാനുള്ള ആകാംക്ഷയും ആവേശവുമാണ് അനുരാധയുടെ വിജയം. ഐ.എസ്.ആര്.ഒയിലെ ജോലിയും, ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും എല്ലാം ഒരു സ്വപ്നംപോലെ. പുതിയ കളിപ്പാട്ടം കാണുമ്പോള്‍ ഇപ്പോഴും കൊച്ചുകുട്ടികള്‍ക്കുണ്ടാകുന്ന കൗതുകവും, താല്പര്യവും ആവേശവും. പുതിയ വിജയങ്ങളുമായി അവരെ മുന്നേറാന്‍ പ്രാപ്തരാക്കുന്നത് ഇതുതന്നെ.