ഇരിങ്ങാലക്കുട: നിരവധി ക്രിമിനല്‍,കഞ്ചാവു കേസ്സുകളിലെ പ്രതികളും വാടകഗുണ്ടകളുമായ മൂന്നു പേര്‍ ഇരിങ്ങാലക്കുടയില്‍ അറസ്റ്റിലായി. പൊറത്തിശ്ശേരി മുതിരപറമ്പില്‍ ഗോപി മകന്‍ ഡ്യൂക്ക് പ്രവീണ്‍ (21 വയസ്സ്), കിഴുത്താണി മേപ്പുറത്ത് സുരേന്ദ്രന്‍ മകന്‍ ചിന്നന്‍ വിഷ്ണു എന്നു വിളിക്കുന്ന വിഷ്ണുപ്രസാദ് (22 വയസ്സ്), ചിറയ്ക്കല്‍ അയ്യേരി വില്‍സന്‍ മകന്‍ ബിനില്‍ (23 വയസ്സ്) എന്നിവരെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ പി.ആര്‍ ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്.
ഇരിങ്ങാലക്കുട എക്‌സൈസ് ഓഫീസില്‍ രാത്രി അതിക്രമിച്ചു കയറി കേസ്സില്‍ പിടിച്ച വാഹനം കടത്തികൊണ്ടു പോയതും,ആളൂരില്‍ വ്യാപാരിയെ ആക്രമിച്ച് പണം തട്ടിയതും, അര്‍ദ്ധരാത്രി എതിരാളികളുടെ വീടാക്രമിക്കാന്‍ പോകുന്നതിനിടയില്‍ ഇവരുടെ വാഹനം തടഞ്ഞ മാള സ്റ്റേഷനിലെ പോലീസുകാരെ മാരകായുധങ്ങളുമായി ആക്രമിക്കാന്‍ ശ്രമിച്ചതും ഇവരുടെ സംഘമാണ്. കാട്ടൂരില്‍ യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്സില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്ന ഇവര്‍ക്ക് ഇരിങ്ങാലക്കുട കാട്ടൂര്‍, ആളൂര്‍, മാള സ്റ്റേഷനുകളില്‍ കൊലപാതകശ്രമം, അടിപിടി, ആയുധം കൈവശം വയ്ക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പത്തോളം കേസ്സുകളുണ്ട്. കാര്‍ വാടകയ്‌ക്കെടുത്ത് പഴനിയില്‍ നിന്ന് കഞ്ചാവു വാങ്ങാന്‍ പോകുന്നതിനിടയില്‍ പാലക്കാട് വച്ച് കാര്‍ ഇടിച്ചതിനെ തുടര്‍ന്ന് ബസില്‍ തൃശൂരില്‍ തിരികെയെത്തി മറ്റൊരു കാര്‍ വാടകയ്‌ക്കെടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലാകുന്നത്. കുറച്ചു ദിവസങ്ങളായി ഇവരുടെ നീക്കങ്ങള്‍ നീരീക്ഷിച്ചുവരികയായിരുന്ന പോലിസ് സംഘം ചൊവ്വാഴ്ച രാത്രി തൃശൂര്‍ ശക്തന്‍ ബസ് സ്റ്റാന്റ് പരിസരത്തു നിന്നും ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. മഫ്തിയിലെത്തിയ പോലീസിനെ കണ്ട് സംഘം ചിതറി ഓടുകയായിരുന്നു. ഏറെ ശ്രമകരമായാണ് ഇവരെ കീഴ്‌പ്പെടുത്തിയത്. നാലരയടി ഉയരവും മുപ്പത്താറു കിലോ തൂക്കവും മാത്രമുള്ളയാളാണ് ഡ്യൂക്ക് പ്രവീണ്‍. ഊതിയാല്‍ പറക്കുന്ന പ്രകൃതമാണെങ്കിലും കഞ്ചാവടിച്ചാല്‍ പരാക്രമിയായി മാറുന്ന സ്വഭാവക്കാരനാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ ഇയാള്‍ ഇരിങ്ങാലക്കുട കിഴുത്താണി മേഖലയില്‍ പലരേയും ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു.എസ്.ഐ. കെ.എസ്. സുബിന്ത്, എ.കെ.മനോജ് ഇ.എസ്.ജീവന്‍, അനൂപ് ലാലന്‍, വൈശാഖ് മംഗലന്‍, കൊട്ടില്‍ രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here