ആറാട്ടുപുഴ പൂരം കൊടിയേറി 

682
ആറാട്ടുപുഴ: ആറാട്ടുപുഴ പൂരത്തിന് ആതിഥ്യമരുളുന്ന ആറാട്ടുപുഴ ക്ഷേത്രത്തിൽ  രാത്രി 8.30 ന് കൊടിയേറ്റം നടന്നു. . തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട്, ക്ഷേത്ര ഊരാളൻ കുടുംബാംഗങ്ങളായ മാടമ്പ് ഹരിദാസൻ നമ്പൂതിരി , ചിറ്റിശ്ശേരി കപ്ളിങ്ങാട്ട് കൃഷ്ണൻ നമ്പൂതിരി , ചോരഞ്ചേടത്ത് പുരുഷോത്തമൻ നമ്പൂതിരി, ഓട്ടൂർ മേക്കാട്ട് ജയൻ നമ്പൂതിരി, വിനോദ് നമ്പൂതിരി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കൊടിയേറ്റം.
വൈകീട്ട് 4ന് ശാസ്താവിന് ദ്രവ്യം സമർപ്പിച്ച് പ്രാർത്ഥിച്ചിട്ടാണ് ദേശത്തെ ആചാരിയുടെ നേതൃത്വത്തിൽ ദേശക്കാർ മുൻകൂട്ടി നിശ്ചയിച്ച സ്ഥലത്തേക്ക്  ലക്ഷണമൊത്ത കവുങ്ങ് മുറിക്കാൻ പോയത്. അവിടെ നിന്നും അത്യുത്സാഹപൂർവ്വം ആർപ്പും കുരവയുമായി കൊണ്ടുവന്ന കവുങ്ങ് ചെത്തിമിനുക്കിയാണ് കൊടിമരമാക്കിയത്. ശാസ്താവിന്റെ നിലപാടു തറക്ക് സമീപം മാടമ്പി വിളക്ക് തെളിയിച്ച് ദേവസ്വം അധികാരി നെൽപറ നിറച്ചതിനു ശേഷമാണ് കവുങ്ങ് ചെത്തിമിനുക്കിയത്. ക്ഷേത്രനടപ്പുരയിൽ വെച്ച് ഒന്നിടവിട്ട് ആലിലകളും മാവിലകളും 7 സ്ഥാനങ്ങളിൽ ചാർത്തി കൊടിമരം അലങ്കരിച്ചു. അലങ്കരിച്ച കൊടിമരം 8.30 ന് ദേശക്കാരാണ് ഉയർത്തിയത്.തുടർന്ന് ക്ഷേത്രം ഊരാളന്മാർ ഭർഭപ്പുല്ല് കൊടിമരത്തിൽ ബന്ധിപ്പിച്ചു.
വാദ്യഘോഷങ്ങളൊന്നുമില്ലാതെ ചമയങ്ങളില്ലാത്ത ഒരു ഗജവീരന്റെ പുറത്ത് ഊരാളൻ കുടുംബാംഗം മാടമ്പ് ഹരിദാസൻ നമ്പൂതിരിയെ കയറ്റി കുത്തു വിളക്കുകളുടെ അകമ്പടിയോടെ ഏഴുകണ്ടം അതിർത്തി വരെ ആനയിച്ചു..  പൂരം പുറപ്പാട് ഉദ്ഘോഷിച്ച് കൊണ്ട് താളമേളങ്ങൾ ഉറങ്ങിക്കിടക്കുന്ന ആറാട്ടുപുഴയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് അടിയന്തിരം മാരാർ ശംഖധ്വനി മുഴക്കി. തൃപുട താളത്തിൽ വാദ്യഘോഷങ്ങളോടെ ആർപ്പും കുരവയുമായി പുരുഷാരം ക്ഷേത്രത്തിലേക്ക് മടങ്ങി. ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം ദേശക്കാരുടേയും  കലാ സ്നേഹികളുടേയും മനസ്സിൽ പൂരാവേശം തുടി കൊട്ടി ഉണരുന്ന മുഹൂർത്തമായിരുന്നു ഇത്
തൃപുട മേളം ക്ഷേത്രനടപ്പുരയിൽ കലാശിച്ച്  ബലിക്കല്ലിനു സമീപം മാടമ്പി വിളക്ക്, നിറപറ, വെള്ളരി, എന്നിവയുടെ സാന്നിദ്ധ്യത്തിൽ 2 നാളികേരം ഉടച്ചു വെച്ചു. തുടർന്ന് അടിയന്തിരം മാരാർ കിഴക്കോട്ട് തിരിഞ്ഞ്  ശാസ്താവിനെ തൊഴുത്  “ക്ഷേത്രം ഊരാളന്മാർ മുഖമണ്ഡപത്തിൽ എഴുന്നെള്ളിയിട്ടില്ലേ ” എന്നും “സമുദായം നമ്പൂതിരിമാർ വാതിൽമാടത്തിൽ എത്തിയിട്ടില്ലേ ” എന്നും 3 തവണ ചോദിച്ചു.. വീണ്ടും കിഴക്കോട്ട് തിരിഞ്ഞ് “ആറാട്ടുപുഴ ശാസ്താവിന്റ പൂരം പുറപ്പാടിന് കൂട്ടിക്കൊട്ട് കൊട്ടട്ടെ ” എന്നും അതിനു ശേഷം പടിഞ്ഞാട്ട് തിരിഞ്ഞ് ഇതു തന്നെ 3 തവണ കൂടി ചോദിച്ചു.. 3 പ്രാവശ്യം ശംഖു വിളിച്ച് വലംതലയിൽ പൂരം കൊട്ടിവെച്ചതോടുകൂടി കൊടിയേറ്റ ചടങ്ങുകൾ പര്യവസാനിച്ചു..
 തിരുവായുധം സമർപ്പിച്ചു.
മതിൽക്കെട്ടിനുപുറത്ത് ആൽത്തറയ്ക്കു സമീപം തിരുവായുധ സമർപ്പണം എന്ന ചടങ്ങായിരുന്നു പിന്നീട്. ആറാട്ടുപുഴ കളരിക്കൽ ബാലകൃഷ്ണകുറിപ്പിന്റെ ചുമതലയിലാണ് തിരുവായുധം സമർപ്പിച്ചത് .കരിമ്പനദണ്ഡു കൊണ്ടാണ് വില്ലും ശരവും ഉണ്ടാക്കിയിട്ടുള്ളത് . ദണ്ഡോളം നീളമുള്ളതാണ് വില്ല്. ചേലമരത്തിന്റെ തൊലി ഉണക്കി നാരാക്കി പിരിച്ചാണ് ഞാൺ ഉണ്ടാക്കിയിട്ടുള്ളത് .വില്ലും ശരവും പ്രത്യേക മരത്തിൽ തീർത്ത വാളും പരിചയും ആണ് ‘തിരുവായുധം’ .പൊൻകാവിതേച്ച് മനോലകൊണ്ട് വരച്ചാണ് തിരുവായുധത്തിന് നിറം കൊടുക്കുന്നത് . ശാസ്താവ് എഴുന്നള്ളുമ്പോഴെല്ലാം അകമ്പടി ആയി തിരുവായുധം ഉണ്ടായിരിക്കും
.ഈ സമയം ക്ഷേത്രത്തിനകത്ത് നവകം ,ശ്രീഭൂതബലി തുടങ്ങിയ താന്ത്രികച്ചടങ്ങുകൾ ആരംഭിച്ചു. .
കൊടിക്കുത്തുവരെ എല്ലാ ദിവസവും ശ്രീഭൂതബലി ,കേളി ,കൊമ്പുപറ്റ് , കുഴൽപറ്റ് ,സന്ധ്യവേല എന്നിവയും ഉണ്ടായിരിക്കും.
Advertisement