ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ ഇല്ലംനിറ ഭക്തി നിര്‍ഭരമായി ആഗസ്റ്റ് 12 ന് ആഘോഷിക്കും.ആറാട്ടുപുഴ പൂരപ്പാടം കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ പൂരപ്പാടത്ത് വിളയിച്ചെടുത്ത കതിര്‍ കറ്റകളാണ് ഇക്കുറി ആറാട്ടുപുഴ ക്ഷേത്രത്തില്‍ ഇല്ലം നിറക്ക് എടുക്കുക. നിരവധി വര്‍ഷമായി ആറാട്ടുപുഴ പൂരപ്പാടത്ത് കൃഷി മുടങ്ങി കിടന്നിരുന്നതിനാല്‍ മറ്റു ജില്ലകളില്‍ നിന്നാണ് ഇല്ലം നിറക്കുള്ള കറ്റകള്‍ കൊണ്ടു വന്നിരുന്നത്. ആറാട്ടുപുഴ ക്ഷേത്രം ഉള്‍പ്പെടെയുള്ള മറ്റു എല്ലാ ക്ഷേത്രങ്ങള്‍ക്കും ആവശ്യാനുസരണം ആറാട്ടുപുഴ പൂരപ്പാടത്ത് വിളയിച്ച കതിര്‍കറ്റകള്‍ തന്നെ ഇല്ലം നിറക്ക് വേണമെന്ന കര്‍ഷക സംഘത്തിന്റെ അതിയായ ആഗ്രഹമാണ് ഫലപ്രാപ്തിയിലെത്തിയത്. ഇതിനായി ഏഴു ഏക്ര ഭൂമിയില്‍ നെല്‍കൃഷിയിറക്കിയിട്ടുണ്ട്. കഴിഞ്ഞ തവണയും ആറാട്ടുപുഴ പൂരപ്പാടത്ത് കൃഷി ഇറക്കിയിരുന്നു.ഇല്ലം നിറക്ക് കതിര്‍ കറ്റകള്‍ ആവശ്യമുള്ള ക്ഷേത്രക്കാര്‍ ആറാട്ടുപുഴ പൂരപ്പാടം കര്‍ഷക സംഘമായോ ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതിയുമായി നേരിട്ടോ 9447070122, 9656677047, 9847598494 എന്നീ ഫോണ്‍ നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്.ആറാട്ടുപുഴ ക്ഷേത്രത്തില്‍ ആഗസ്റ്റ് 12 ന് രാവിലെ 8 മണിക്ക് നമസ്‌കാര മണ്ഡപത്തില്‍ വെച്ചുള്ള ഗണപതി പൂജയോടെയാണ് ഇല്ലംനിറയുടെ ആരംഭം. തുടര്‍ന്ന് ഇല്ലി, നെല്ലി, അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നിവയുടെ ഇലകള്‍ മണ്ഡപത്തില്‍ സമര്‍പ്പിച്ച് ലക്ഷ്മി പൂജക്ക് തുടക്കം കുറിക്കും. ഇതിനു ശേഷം ക്ഷേത്ര ഗോപുരത്തില്‍ തയ്യാറാക്കി വച്ചിരിക്കുന്ന കതിര്‍ക്കറ്റകള്‍ തീര്‍ത്ഥം തളിച്ച് ശുദ്ധി വരുത്തും. കുത്തുവിളക്കിന്റേയും മണിനാദത്തിന്റേയും ഭക്തജനങ്ങളുടേയും അകമ്പടിയോടെ മേല്‍ശാന്തിയും കീഴ്ശാന്തിയും കറ്റകള്‍ ശിരസ്സിലേറ്റി ക്ഷേത്ര മതില്‍ക്കകത്ത് പ്രദക്ഷിണം വെച്ച് ചുറ്റമ്പലത്തിനകത്തേക്ക് ആനയിക്കും. ക്ഷേത്രത്തിനുള്ളില്‍ പ്രദക്ഷിണം ചെയ്തു കതിര്‍ക്കറ്റകളെ നമസ്‌കാര മണ്ഡപത്തില്‍ ഇറക്കി എഴുന്നെള്ളിക്കും. അവിടെ വെച്ച് ലക്ഷ്മിപൂജ പൂര്‍ത്തിയാക്കിയ ശേഷം പൂജിച്ച കതിരുകള്‍ ശ്രീകോവിലില്‍ ശാസ്താവിന് സമര്‍പ്പിക്കും. ക്ഷേത്ര പത്തായപ്പുരയിലും നെല്ലറയിലും മറ്റും കതിരുകള്‍ സമര്‍പ്പിച്ചതിനു ശേഷം നെല്‍ക്കതിരുകള്‍ ഭക്തജനങ്ങള്‍ക്ക് പ്രസാദമായി നല്‍കും. പ്രസാദമായി ലഭിച്ച കതിരുകള്‍ സ്വന്തം ഗൃഹങ്ങളില്‍ നിലവിളക്കിന്റെ സാന്നിദ്ധ്യത്തില്‍ സ്ഥാപിക്കുന്നത് ഐശ്വര്യ പ്രദമാണ് എന്നാണ് ഭക്തരുടെ വിശ്വാസം. മേല്‍ശാന്തി കൂറ്റംപ്പിള്ളി പത്മനാഭന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. ഇല്ലം നിറയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വെളുപ്പിന് ചുറ്റുവിളക്ക് ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here