ആറാട്ടുപുഴ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനം ഭക്തി സാന്ദ്രമായി ആഘോഷിച്ചു.

490

ആറാട്ടുപുഴ: ആറാട്ടുപുഴ ശ്രീശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഭക്തിയുടെ നിറവില്‍ ആഘോഷിച്ചു. രാവിലെ 5 ന് താന്ത്രികചടങ്ങുകള്‍ ആരംഭിച്ചു. തുടര്‍ന്ന് ചുറ്റുവിളക്ക്.തൃശ്ശൂര്‍ രാമകൃഷ്ണന്‍ മാസ്റ്ററും സംഘവും അവതരിപ്പിച്ച പഞ്ചരത്‌ന കീര്‍ത്തനാലാപനത്തോടെയാണ് പതിനാറാമത് ശ്രീശാസ്താ സംഗീതോത്സവത്തിന് സമാപനം കുറിച്ചത്.കേരള സംഗീത നാടക അക്കാദമിയുടെ 2017ലെ ഗുരുപൂജ പുരസ്‌കാരത്തിനര്‍ഹനായ സംഗീതജ്ഞന്‍ തൃശ്ശൂര്‍ രാമകൃഷ്ണന്‍ മാസ്റ്റര്‍ക്ക് പതിനാറാമത് ശ്രീശാസ്താ സംഗീതോത്സവ വേദിയില്‍ വെച്ച് ആറാട്ടുപുഴ ക്ഷേത്ര ഉപദേശക സമിതി ഉപഹാരം നല്‍കി ആദരിച്ചു.കിള്ളിക്കുറിശ്ശിമംഗലം രമേഷ്, ശിവമയം സുനില്‍, ചേര്‍ത്തല രാമചന്ദ്രന്‍ ,തിരുവില്വാമല മുരളീധരന്‍ എന്നിവര്‍ വയലിനിലും കൊടുന്തിരപ്പിള്ളി വെങ്കിടേശ്വരന്‍, തുറവൂര്‍ സൈലേഷ്, തുറവൂര്‍ സുശീല്‍ കുമാര്‍ എന്നിവര്‍ മൃദംഗത്തിലും ജി. മനോഹരന്‍ ഘടത്തിലും പക്കമേളമൊരുക്കി.9 ന് മുറജപത്തോടുകൂടിയായിരുന്നു കളഭാഭിഷേകം.ചന്ദനം, ഗോരോചനം, കുങ്കുമപ്പൂവ്വ്, പച്ചകര്‍പ്പൂരം, പനിനീര്‍ തുടങ്ങിയ സുഗന്ധദ്രവ്യങ്ങളുടെ കൂട്ടാണ് ശാസ്താവിന് കളഭാട്ടത്തിനായി ഉപയോഗിച്ചത്. സപരിവാരപൂജയായാണ് കളഭപൂജ നടന്നത്. ഉരുളിയില്‍ തയ്യാറാക്കിവച്ചിരുന്ന കളഭം ജലദ്രോണിപൂജക്കുശേഷം താള മേളങ്ങളുടെ അകമ്പടിയോടെ ശംഖിലെടുത്ത് കലശക്കുടത്തില്‍ നിറച്ചു. പൂജാവിധികളാല്‍ ചൈതന്യപൂര്‍ണ്ണമാക്കിയ കളഭം പാണികൊട്ടി ശ്രീലകത്തേക്ക് എഴുന്നള്ളിച്ച് ശാസ്താപ്രതിഷ്ഠയില്‍ അഭിഷേകം ചെയ്തു.. തുടര്‍ന്ന് ശാസ്താവിന് കടുംമധുരപ്പായസം നിവേദിച്ചു. ഇതോടനുബന്ധിച്ച് നവകം, പഞ്ചഗവ്യം, എന്നീ അഭിഷേകങ്ങളും ശാസ്താവിന് നടത്തി. ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് മുഖ്യകാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് ശ്രീഭൂതബലി നടന്നു.10.30 ന് പ്രസാദ ഊട്ട് ആരംഭിച്ചു. നാലു മണി വരെ നീണ്ടു നിന്ന പ്രസാദ ഊട്ടില്‍ നിരവധി ഭക്തര്‍ പങ്കെടുത്തു.
2 ന് ആനയൂട്ട് നടന്നു. 3 ന് അഞ്ച് ആനകളുടെ അകമ്പടിയോടെയായിരുന്നു എഴുന്നെള്ളിപ്പ്. പാറമേക്കാവ് ശ്രീപത്മനാഭന്‍ ശാസ്താവിന്റെ തിടമ്പേറ്റി . എഴുന്നെള്ളി നില്ക്കുന്ന ശാസ്താവിന്റെ തിരുമുമ്പില്‍ ഭക്തര്‍ കൂട്ടപ്പറകള്‍ സമര്‍പ്പിച്ചു.കുടുംബത്തിലെ ഒരു അടുത്ത ബന്ധു മരിച്ച് പുല വന്നതുമൂലം പെരുവനം കുട്ടന്‍ മാരാര്‍ക്ക് മേളത്തില്‍ പങ്കെടുക്കാന്‍ കഴിയാതായി.പഞ്ചാരി മേളത്തിന് പെരുവനം സതീശന്‍ മാരാര്‍ പ്രമാണിയായി. പെരുവനം ഗോപാലകൃഷ്ണന്‍ വീക്കം ചെണ്ടയിലും, കീഴൂട്ട് നന്ദനന്‍ കുറുങ്കഴലിലും, കുമ്മത്ത് രാമന്‍കുട്ടി നായര്‍ കൊമ്പിലും, മണിയാംപറമ്പില്‍ മണി നായര്‍ ഇലത്താളത്തിലും സഹപ്രമാണിമാരായി. എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തില്‍ രാവിലെയും വൈകിട്ടും ചുറ്റുവിളക്ക്, നിറമാല, ചന്ദനം ചാര്‍ത്ത്, വിശേഷാല്‍ പൂജകള്‍,ശ്രീലകത്ത് നെയ് വിളക്ക് എന്നിവ ഉണ്ടായിരുന്നു.

 

Advertisement