പുല്ലൂര്‍ : എസ് എസ് എല്‍ സി പരിക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ ഒരുപാട് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആ വിജയത്തിന്റെ മധുരം ജീവിതദുരിതത്തിന്റെ കയ്പുകള്‍ക്കിടയില്‍ ഏറെ മാധൂര്യമാവുകയാണ് ഏരിപാടം വീട്ടില്‍ അഭിജിത്ത് എന്ന പുല്ലൂര്‍ സ്വദേശിക്ക്.ഇരിങ്ങാലക്കുട സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിജിത്തിന്റെ പിതാവ് ദേവരാജന് തലച്ചോറില്‍ ടൂമര്‍ വന്നതിനെ തുടര്‍ന്നാണ് ഇവരുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ കടന്ന് കൂടിയത്.സ്വന്തമായി വീട് പോലും ഇല്ലെങ്കില്ലും പഠനത്തില്‍ മികവ് കാട്ടിയിരുന്ന അഭിജിത്തിന്റെ തുടര്‍പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സാചിലവുകള്‍ക്കും അഭിജിത്തിന്റെ അമ്മയുടെ തുഛമായ ശബളം തികയില്ല എന്ന് മനസിലാക്കി സ്‌കൂളിലെ ക്ലാസ് കഴിഞ്ഞ് ഇരിങ്ങാലക്കുടയിലെ കെ എസ് പാര്‍ക്കിന് സമീപം ബലൂണ്‍ കച്ചവടം നടത്തിയാണ് അഭിജിത്ത് പഠനത്തിനുള്ള ചിലവ് കണ്ടെത്തിയിരുന്നത്.പുല്ലൂര്‍ നാടകരാവ് ടീമിലെ മികച്ചൊരു നാടക കലാകാരനും കൂടിയായ അഭിജിത്തിന് ഈ കുഞ്ഞ് ചെറുപ്പത്തില്‍ നേരിടേണ്ടി വന്ന ജീവിത പ്രാരാബ്ദങ്ങളെ തുടര്‍ന്ന് കലാപ്രവര്‍ത്തനങ്ങളിലും സജീവമാകാന്‍ കഴിയാത്ത സ്ഥിതിവിശേഷമാണ് ഉള്ളത്.അവധികാലത്ത് കമ്പ്യൂട്ടര്‍ ക്ലാസിനും മറ്റും പോകുന്ന കൂട്ടുകാരുള്ള അഭിജിത്തിന് ഏതെങ്കിലും ജോലി കണ്ടെത്തി അവധികാലത്ത് അമ്മയ്ക്ക് തുണയാകണമെന്നാണ് ആഗ്രഹം.പ്ലസ് ടുവിന് ശേഷം സോഫ്റ്റ് വെയര്‍ പഠനവും സിവില്‍സര്‍വ്വീസും കരസ്ഥമാക്കണമെന്നാണ് അഭിജിത്തിന്റെ ആഗ്രഹം.

LEAVE A REPLY

Please enter your comment!
Please enter your name here