നാഷണല്‍ സര്‍വ്വീസ് സ്കീം പ്രോഗ്രാം ഓഫീസര്‍മാരുടെ പ്രഥമ സംസ്ഥാനതല സംഗമം സുമാനസം’23 ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍

68

ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസവകുപ്പിൻ്റെ കീഴിൽ സംസ്ഥാന നാഷണൽ സർവീസ് സ്കീമിൻ്റെ നേതൃത്വത്തിൽ നിലവിൽ 25 സെല്ലുകളിലായി 4000 യൂണിറ്റുകളും പ്രോഗ്രാം ഓഫീസർമാരും നാല് ലക്ഷത്തോളം വോളണ്ടിയർമാരുമാണ് പ്രവർത്തിച്ചു വരുന്നത്. നേതൃത്വപരമായ പങ്കുവഹിക്കുന്ന 4,000 ത്തോളം NSS പ്രോഗ്രാം ഓഫീസർമാരുടെ പ്രഥമ സംസ്ഥാനതലസംഗമം ജൂലൈ 1 ന് രാവിലെ 10 മുതൽ വൈകു 4 മണി വരെ ഇരിങ്ങാലക്കുട സെൻറ് ജോസഫ്സ് കോളേജിൽ നടക്കും. ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു സംഗമം ഉദ്ഘാടനം ചെയ്യും. ഈ അധ്യയന വർഷത്തെ NSS പ്രവർത്തനങ്ങളെ സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കുവാനും വിദ്യാലയജീവിതത്തിൽ നിന്നും പൊതു സമൂഹത്തിലേക്ക് വോളണ്ടിയർമാരെ നേരിട്ട് ബന്ധിപ്പിക്കുന്ന കാര്യക്ഷമമായ പ്രവർത്തന മാർഗരേഖ തയാറാക്കുവാനുമായി മന്ത്രി ഡോ.ആര്‍. ബിന്ദുവിന്‍റെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ചാണ് സംസ്ഥാന ചരിത്രത്തിലാദ്യമായി പ്രോഗ്രാം ഓഫീസർമാരുടെ ഈ സംസ്ഥാനസംഗമം നടക്കുന്നത് എന്ന് എന്‍.എസ്.എസ്.സ്റ്റേറ്റ് ഓഫീസര്‍ ഡോ.ആര്‍.എന്‍.അന്‍സര്‍ അറിയിച്ചു.പുതിയ കാലത്തെ വൈജ്ഞാനിക സാങ്കേതിക വളർച്ചയ്ക്കും അതോടൊപ്പം സംജാതമായിരിക്കുന്ന പുതിയ വെല്ലുവിളികൾക്കും അനുസൃതമായി നാഷണൽ സർവീസ് സ്കീമും നൂതനമായ പ്രവർത്തന പരിപാടികൾ ആസൂത്രണം ചെയ്ത് മുന്നേറണം യുവജനതയുടെ കർമ്മശേഷിയെ കാർന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരി എന്ന മഹാവിപത്തിന് എതിരെ ക്രിയാത്മകവും സർഗാത്മകവുമായ സമീപനം കൈക്കൊള്ളണം. കലാലയങ്ങളിലെയും സ്കൂളുകളിലെയും മുതിർന്ന തലമുറ അവരുടെ ഇളം തലമുറയുടെ സംരക്ഷകരായി, കാവൽഭടന്മാരായി നിന്നുകൊണ്ട് വഴി നടത്താൻ പ്രാപ്തരാവണം.ഒരു ഭവനരഹിതകുടുംബം പോലും സംസ്ഥാനത്തില്ലാത്തതായി മാറുന്ന സ്വപ്നത്തിലേക്ക് നീങ്ങണം. ഓരോ യൂണിറ്റും നേരിട്ട് ഭവനനിർമ്മാണം നടത്തുകയോ ലൈഫ് പദ്ധതിയുമായി പങ്കുചേരുകയോ ചെയ്യും.സാമൂഹ്യനീതി വകുപ്പിന്റെ വി കെയർ പദ്ധതി, ഭിന്നശേഷി – വയോജന -വനിതാ – ശിശു ക്ഷേമ പദ്ധതികൾ എന്നിവയിൽ പങ്കാളിത്തം ഉറപ്പുവരുത്തും . ഇവർക്കു വേണ്ടിയുള്ള സംരക്ഷണകേന്ദ്രങ്ങളെയും ആതുരാലയങ്ങളെയും ഓരോ യൂണിറ്റുകളും ദത്തെടുക്കും. പൊതുസമൂഹത്തെ മുഴുവനും ഡിജിറ്റൽ സാക്ഷരതയിലേക്ക് നയിക്കും. ഭിന്നശേഷിക്കാർക്കുള്ള UDlD കാർഡുകൾ ലഭ്യമാക്കാനുള്ള സംസ്ഥാനതല യജ്ഞത്തിൽ പങ്കു ചേരും.ശുചിത്വമിഷൻ ഉൾപ്പെടെയുള്ള സർക്കാർ സംവിധാനങ്ങളോടൊപ്പം ചേർന്ന് നിന്നുകൊണ്ട് സംസ്ഥാനത്തെ 100% സീറോ വേസ്റ്റ് സംസ്ഥാനമാക്കി മാറ്റാനുള്ള കർമ്മയജ്ഞത്തിൽ ഭാഗമാകും.പ്രത്യേക ജനവിഭാഗങ്ങൾക്ക് പ്രത്യേകിച്ച് തീരദേശജനതയുടെയും ആദിമഗോത്രവർഗജനതയുടെയും അടിസ്ഥാന ആവശ്യങ്ങളും ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസ കാര്യങ്ങളും മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ കൈകൊള്ളും.സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗം കൂടുതൽ ക്രിയാത്മകമായി കൈകാര്യം ചെയ്യുവാനുള്ള അവബോധവും പരിശീലനവും നൽകും മുന്‍കാല എന്‍.എസ്.എസ്. സന്നദ്ധപ്രവര്‍ത്തകരുടെ അനുഭവസമ്പത്ത് ഒരു മുതൽക്കൂട്ടാണ്. ജില്ലാടിസ്ഥാനത്തില്‍ എന്‍.എസ്.എസ്. അലുമ്നി കൂട്ടായ്മകള്‍ സംഘടിപ്പിക്കും. തുടർന്ന് സംസ്ഥാനതലസംഘടനാസംവിധാനം ഒരുക്കും.നവകേരള നിർമ്മിതിയിൽ അവരെയും പങ്കാളിയാക്കും.മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ മുൻനിർത്തിയുള്ള പ്രവർത്തന രൂപരേഖ സുമാനസത്തിൽ പ്രോഗ്രാം ഓഫീസർമാർ ചർച്ച ചെയ്തു തീരുമാനിക്കുമെന്ന് സ്റ്റേറ്റ് എൻഎസ്എസ് ഓഫീസർ ഡോ. അൻസർ ആർ എൻ അറിയിച്ചു

Advertisement