കൂടൽമാണിക്യം ഉത്സവത്തിന് റോഡിൽ നടത്തിയ കച്ചവടങ്ങളുടെ ലേല തുക നഗരസഭയിൽ അടക്കണമെന്ന് ദേവസ്വത്തിന് നോട്ടീസ്

34

ഇരിങ്ങാലക്കുട : ശ്രീകൂടൽമാണിക്യം ക്ഷേത്ര ഉത്സവവുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിന്റെ തെക്ക്,പടിഞ്ഞാറ് നടകളിൽ കച്ചവട സ്റ്റാളുകൾ നടത്തിയതിന് സ്റ്റാളുകളിൽ നിന്നും ദേവസ്വത്തിൽ അടവാക്കിയ ലേല തുക നഗരസഭ ഫണ്ടിലേക്ക് മാറ്റി അടവാക്കേണ്ടതാണെന്നും , ലേലക്കാരന്റെ പേര്,വിലാസം, എന്നിവയുടെ സ്റ്റേറ്റ്മെന്റ് സഹിതം നഗരസഭയിൽ അടച്ച് റസീറ്റ് കൈപ്പറ്റേണ്ടതാണെന്നുംകാണിച്ച് നഗരസഭാ സെക്രട്ടറി ദേവസ്വത്തിന് കത്ത് നൽകിയിട്ടുള്ളതിൽ ദേവസ്വം പ്രതിഷേധിച്ചു.ഇത്തവണ കൂടൽമാണിക്യം ക്ഷേത്രം കീഴേടമായ അയ്യങ്കാവ് ഭഗവതിയുടെ പന്തലിട്ടതിനും , ലൈറ്റുകൾ ഇട്ട മുളങ്കാലുകൾക്കും മുനിസിപ്പാലിറ്റിയിൽ26987രൂപ ദേവസ്വത്തിൽ നിന്നും ഈടാക്കിയിരുന്നു. ആയതിലും ദേവസ്വംപ്രതിഷേധം രേഖപ്പെടുത്തുന്നു.ഉത്സവ നാളുകളിൽ ഹരിത പ്രോട്ടോകോൾ കമ്മിറ്റി രൂപീകരിച്ച് വിവിധ സ്കൂളുകളിലെ NSS, സ്കൗട്ട് വിദ്യാർത്ഥികളും ചുമതലയുള്ള അധ്യാപകരും ചേർന്ന് പ്ലാസ്റ്റിക് വേസ്റ്റുകൾ യഥാ സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുള്ളതും ഹെൽത്ത് ഡിപ്പാർട്ട്മെന്റുമായി ബന്ധപ്പെട്ട് സമയാസമയങ്ങളിൽ എടുത്തുമാറ്റിയിട്ടുള്ളതുമാണ്.ഉത്സവം കഴിഞ്ഞ് ആനപ്പിണ്ഡവും , പട്ടകളും ജെസിബി ഉപയോഗിച്ച് മാറ്റി കുഴിച്ചിട്ടതിൽ പ്ലാസ്റ്റിക് ആണെന്ന് പറഞ്ഞ് നടപടി സ്വീകരിക്കാതിരിക്കുവാൻ ദേവസ്വത്തിന് നോട്ടീസ് നൽകിയതിലും ദേവസ്വം പ്രതിഷേധിക്കുന്നു.ഉത്സവം കഴിഞ്ഞ് ഹരിത കർമ്മ സേനയ്ക്ക് പണം കൊടുത്ത് പ്ലാസ്റ്റിക് ശേഖരിക്കുന്നസമയത്താണ് ഇത്തരം നോട്ടീസ് നൽകിയത് എന്നത് വളരെ വിചിത്രമായി ദേവസ്വം കാണുന്നു.ഉത്സവ നടത്തിപ്പിന് ഉദ്യോഗസ്ഥതല മോണിറ്ററിംഗ് കമ്മിറ്റി വളരെ സജീവമായിരുന്നു.എന്നാൽ മുനിസിപ്പൽ സെക്രട്ടറി യാതൊരു നിർദ്ദേശങ്ങളും നൽകാതെ കത്തുകൾ അയച്ച് അനാവശ്യ ഇടപെടലുകൾ നടത്തുന്നതിനെതിരെയും ദേവസ്വം പ്രതിഷേധിക്കുന്നു . നൂറ്റാണ്ടുകളായി ശ്രീ കൂടൽമാണിക്യം ദേവസ്വം നടത്തിവരുന്ന ഉത്സവം ഈ നാട്ടിലെ ജനങ്ങളുടെ വികാരമാണ്.നാളിതുവരെ ഇല്ലാത്ത നഗരസഭയുടെ ഇത്തരം നടപടികൾ ശരിയല്ലെന്ന് ദേവസ്വം വിലയിരുത്തി .നടപടി പിൻവലിക്കണമെന്ന് ദേവസ്വം ആവശ്യപ്പെടുന്നു.

Advertisement