റൂറല്‍ പോലീസിന്റെ കോഡ് കോംബാറ്റ് 2023 ടെക്‌ഫെസ്റ്റ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്നു

71

ഇരിങ്ങാലക്കുട: റൂറല്‍ പോലീസിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോളേജുകളുമായി സഹകരിച്ച് നടത്തുന്ന വിവിധ പദ്ധതികളുടെ ടെക്‌ഫെസ്റ്റ് കോഡ് കോംബാറ്റ് 2023 ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നടന്നു . ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നും പോലീസിന് സഹായകരമാകുന്ന തരത്തില്‍ തയ്യാറാക്കിയ സൈക്കോട്രോപിക് ഡ്രഗ് ഡിറ്റക്ടറുകള്‍, പൂട്ടിയ വീടുകളുടെ സെന്‍സറുകള്‍, ട്രാഫിക് സുരക്ഷയ്ക്കും ട്രാഫിക് നിയന്ത്രണത്തിനുമുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ദുരന്തനിവാരണത്തിനുള്ള റോബോട്ടുകള്‍ എന്നിങ്ങനെ വിവിധ പദ്ധതികളാണ് പ്രദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.സുരക്ഷിതവും സമര്‍ത്ഥവുമായ ഒരു സമൂഹം സൃഷ്ടിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പോലീസ് പറഞ്ഞു. യുവാക്കളുടെ വൈദഗ്ധ്യവും പുതുമകളും ഉപയോഗിച്ച് സാങ്കേതിക വിദ്യയുടെ സഹായത്തോടെ മികച്ച രീതിയില്‍ പോലീസിനെ നവീകരിക്കാനും ശക്തിപ്പെടുത്താനും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദ്യാര്‍ഥികളുടെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നത് കാണുന്നത് അവര്‍ക്കിടയില്‍ ആത്മവിശ്വാസം വളര്‍ത്താനും സാമൂഹിക വികസനങ്ങളിലേക്ക് അവരെ ഉള്‍പ്പെടുത്താനും ഇതിലൂടെ കഴിയുമെന്നാണ് കരുതുന്നത്. രാവിലെ 10ന് കോളേജില്‍ നടന്ന ചടങ്ങില്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു . നോര്‍ത്ത് ഐ.ജി. നീരജ്കുമാര്‍ ഗുപ്ത അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ തേജ് കൃഷ്ണ മുഖ്യാതിഥിയായിരുന്നു. റൂറല്‍ ജില്ലാ പോലീസ് സൂപ്രണ്ട് ഐശ്വര്യ ഡേംഗ്രേ, ഡി.വൈ.എസ്.പി. ബാബു കെ. തോമസ് എന്നിവരടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.

Advertisement