ഇരിങ്ങാലക്കുട ഉപജില്ലാ തല “സമേതം ” ജ്യോതിശാസ്ത്ര ഒളിമ്പ്യാഡ് സംഘടിപ്പിച്ചു

19

ജില്ലാ പഞ്ചായത്തിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെയും സഹകരണത്തോടെ സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഉപജില്ലാതല ദ്വിദിന സഹവാസക്യാമ്പായ ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവൺമെൻറ് എൽ പി സ്കൂളിൽ വെച്ച് നടന്നു.ഇരിങ്ങാലക്കുട ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ. എം.സി. നിഷ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വെച്ച് നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വക്കേറ്റ് ജിഷാ ജോബി ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിന് മേഖലാ പ്രസിഡണ്ട് ദീപ ആന്റണി സ്വാഗതവും ഇരിങ്ങാലക്കുട GLPS ഹെഡ്മിസ്ട്രസ്സ് പി. ബി. അസീന നന്ദിയും രേഖപ്പെടുത്തി. ഒളിമ്പ്യാഡ് കോ-ഓർഡിനേറ്റർ രജീന സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. മേഖലാ സെക്രട്ടറി ജെയ്മോൻ സണ്ണി, ജില്ലാ കമ്മിറ്റിയംഗം പ്രിയൻ ആലത്ത്, സ്ക്കൂൾ SMC ചെയർമാൻ ഗ്രീഷ്മ . ജി., യൂണിറ്റ് പ്രസിഡണ്ട് പി.ആർ. സ്റ്റാൻലി എന്നിവർ ആശംസകളർപ്പിച്ചു.പഞ്ചായത്ത്തല വിജ്ഞാനോത്സവത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 250 കുട്ടികളാണ് രണ്ട് ദിവസത്തെ സഹവാസ ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികളിൽ ശാസ്ത്രാവബോധം വളർത്തുന്നതിനും , ജ്യോതിശാസ്ത്ര കൗതുകങ്ങൾ ഉണർത്തുന്നതിനും , ഉതകുന്ന തരത്തിലുള്ള ജ്യോതിശാസ്ത്ര ക്ലാസ്സുകൾ, വാനനിരീക്ഷണം, മാജിക് കളികൾ, സർഗാത്മക കഴിവുകൾ ഉണർത്തുന്ന പ്രവർത്തനങ്ങൾ നൽകികൊണ്ടാണ് ജ്യോതി ശാസ്ത്ര ഒളിമ്പ്യാഡ് നടത്തുന്നത്.ക്യാമ്പിന് അദ്ധ്യാപകർ, പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ, പരിഷത്ത് പ്രവർത്തകർ തുടങ്ങീയവർ നേതൃത്വം നൽകി.

Advertisement