ഇരിങ്ങാലക്കുട: റൂറൽ ജില്ലാ ട്രഷറിയിലെ വനിത ജീവനക്കാരോട് മോശമായി പെരുമാറിയതിന് 18 ജീവനക്കാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്യപ്പെട്ട അസിസ്റ്റൻറ് ജില്ലാ ട്രഷറി ഓഫീസറെ കുറ്റവിമുക്തനാക്കി തിരിച്ചെടുക്കുകയും പരാതി നൽകിയ 18 പേരിൽ ഉൾപ്പെട്ട ഒരു വനിതാ ജീവനക്കാരിയെ സ്ഥലം മാറ്റുന്നതിന് ഉത്തരവിടുകയും ചെയ്ത ട്രഷറി ഡയറക്ടറുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നടപടിയിൽ പ്രതിഷേധിച്ചു കൊണ്ട് എൻജിഒ യൂണിയൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജീവനക്കാർ ഇരിങ്ങാലക്കുട റൂറൽ ജില്ലാ ട്രഷറിയുടെ മുന്നിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യോഗം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ എൽ സിന്ധു, ഏരിയാ പ്രസിഡൻറ് എൻ സുരേഷ് കുമാർ,ഏരിയ ജോ സെക്രട്ടറി വി എസ് അനീഷ് എന്നിവർ സംസാരിച്ചു .സംസ്ഥാന സർക്കാരിൻറെ സ്ത്രീപക്ഷ നിലപാടുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കുകയും ആരോപണമുന്നയിച്ചവരിലൊരാളായ വനിത ജീവനക്കാരിയെ സ്ഥലംമാറ്റാൻ ഉത്തരവ് പിൻവലിക്കുകയും ചെയ്തില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു വരുമെന്ന് യൂണിയൻ അറിയിച്ചു.