മഹാരഥന്‍മാരെ മുനിസിപ്പാലിറ്റി അവഗണിക്കുന്നു. സി പി ഐ

81

ഇരിങ്ങാലക്കുട :കൂത്തിന്റേയും,കൂടിയാട്ടത്തിന്റേയും കുലപതിയും,ഇരിങ്ങാലക്കുടയുടെ പേരും പെരുമയും വിശ്വത്തോളം ഉയര്‍ത്തി പത്മപുരസ്ക്കാരം ഉള്‍പ്പടെ ദേശീയ അന്തര്‍ ദേശീയ അംഗീകാരങ്ങള്‍ നേടിയ അമ്മന്നൂര്‍ മാധവചാക്യാരോടും,വിദ്യാഭ്യാസ രംഗത്ത് സമഗ്ര സംഭാവനകള്‍ നല്‍കിയ ഫാദര്‍ ഗബ്രിയലിനോടും ഇരിങ്ങാലക്കുട മുനിസിപ്പല്‍ ഭരണാധികാരികള്‍ അവഗണന കാണിക്കുന്നതായി സി പി ഐ മണ്ഡലം സെക്രട്ടറി പി മണി അഭിപ്രായപ്പെട്ടു.ഉയര്‍ന്ന തനത് വരുമാനവും സര്‍ക്കാര്‍ പദ്ധതി വിഹിതവും ലഭിച്ചിട്ടും സാംസ്ക്കാരിക നഗരം ഭരിക്കുന്നവര്‍ ഇവരുടെ സ്മരണ നിലനിറുത്തന്നതിന് യാതൊരു വിധ ഇടപെടലും നടത്തിയില്ല.ഇരിങ്ങാലക്കുട മുനിസിപ്പല്‍ ടൗണ്‍ഹാളിന് അമ്മന്നൂരിന്റെ പേര് നല്‍കണമെന്ന നാട്ടുകാരുടെ ആവശ്യം നിരാകരിച്ച പാരമ്പര്യമാണ് മുനിസിപ്പല്‍ ഭരണാധികാരികളുടേത്.ഇരിങ്ങാലക്കുട ഠാണാവിലെ പൂതംകുളത്ത് ഫാദര്‍ ഗാബ്രിയേല്‍ സ്ക്വയറെന്നും,കാട്ടൂര്‍ റോഡിനോട് ചേര്‍ന്ന് അമ്മന്നൂര്‍ സ്ക്വയര്‍ എന്നും നാമകരണം ചെയ്ത് രണ്ട് ഫലകം സ്ഥാപിച്ചതല്ലാതെ ഉചിതമായ സ്മാരകമോ,എക്കാലവും സ്മരിക്കും വിധത്തിലുള്ള മറ്റു നടപടികളോ സ്വീകരിക്കാന്‍ മുനിസിപ്പല്‍ ഭരണാധികാരികള്‍ ശ്രമിക്കാതിരുന്നത് ഈ മഹാരഥന്‍മാരെ അവഗണിക്കുന്നതിന് തുല്ല്യമാണ്.

Advertisement