കർശന നടപടികൾക്കൊരുങ്ങി കാട്ടൂർ ഗ്രാമപഞ്ചായത്തും,പോലീസ്-ആരോഗ്യ വകുപ്പുകളും.

148

കാട്ടൂർ:കോവിഡ്-19 മൂന്നാം ഘട്ട പ്രതിരോധത്തിന്റെ ഭാഗമായി കർശന നടപടിക്കൊരുങ്ങുകയാണ് കാട്ടൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് ഗ്രാമാതിർത്തികൾ മിക്കവാറും കണ്ടൈൻമെന്റ് സോണുകൾ ആകുകയും ബസാർ,മാർക്കെറ്റ് തുടങ്ങിയ പൊതുഇടങ്ങളിൽ സമൂഹവ്യാപനത്തിന് സാധ്യതയേറുകയും ചെയ്തതോടെയാണ് നടപടികൾ കർശനമാക്കാൻ തീരുമാനമായത്.ഇത്തരം കണ്ടൈൻമെന്റ് സോണുകളിൽ നിന്നും അനധികൃതമായി വരുന്ന ജനങ്ങളുടെ തിരക്ക് ഈ പ്രദേശങ്ങളിൽ കുറച്ചു ദിവസമായി അനുഭവപ്പെടുന്നത് ശ്രദ്ധയിൽപെട്ടിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ (21-07-2020) പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തി നിർദ്ദേശങ്ങൾ വ്യാപാരികൾക്ക് നൽകിയിരുന്നു.തുടർന്ന് ഇന്ന്(22-07-2020)പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ പ്രസിഡന്റിന്റെ അധ്യക്ഷതയിൽ ചേർന്ന ജനപ്രതിനിധികളുടെയും,പോലീസ്-ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി പ്രതിനിധികൾ തുടങ്ങിയവരുടെ യോഗത്തിൽ കർശന നടപടികൾ കൈക്കൊള്ളാൻ തീരുമാനമാവുകയായിരുന്നു.സമൂഹ വ്യാപനം മുൻനിർത്തി ജനങ്ങൾ കൂട്ടം കൂടാൻ സാധ്യതയുള്ള പൊതു ഇടങ്ങളിൽ നടപടികൾ ശക്തമാക്കാൻ ആണ് തീരുമാനം.
ഇതിന്റെ ഭാഗമായി യോഗത്തിൽ എടുത്ത പ്രധാന തീരുമാനങ്ങൾ:-
▪️എടതിരുത്തി പഞ്ചായത്ത് അതിർത്തി ആരംഭിക്കുന്ന പൊട്ടക്കടവ് പാലം മുതൽ പോംപെയ്‌ സെന്റ്:മേരീസ് ഹൈസ്‌കൂൾ ജംക്ഷൻ വരെയുള്ള എല്ലാവിധ വഴിയോര കച്ചവടങ്ങളും നിരോധിച്ചു.
▪️പ്രസ്തുത സ്ഥലങ്ങളിലെ വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങ് നിരോധിച്ചു.
▪️മാർക്കെറ്റ് ആരംഭിക്കുന്ന ഭാഗം (പെട്രോൾ ബങ്ക്‌ പരിസരം)മുതൽ അവസാനിക്കുന്ന ഇടം(പൊട്ടക്കടവ് പാലം)വരെ മുഴുവൻ കടകളും ആഴ്ചയിൽ ഒരു ദിവസം അടച്ചിട്ട് സ്വന്തം ഉത്തരവാദിത്വത്തിൽ അണുവിമുക്തമാക്കണം.
ആയതിന്റെ ഭാഗമായി 24-07-2020 വെള്ളിയാഴ്ചയും തുടർന്നുള്ള ആഴ്ചകളിൽ എല്ലാ വ്യാഴാചകളിലും ഇതിനായി തിരഞ്ഞെടുക്കണം.ഈ ദിവസങ്ങളിൽ പൊതുജനങ്ങൾ വരുന്നതും കച്ചവടം നടത്തുന്നതും നിരോധിച്ചു.
▪️ഈ പരിധിയിലുള്ള എല്ലാ കടകളുടേയും പ്രവർത്തി സമയം രാവിലെ 7 മുതൽ വൈകീട്ട് 7 വരെയായി ക്രമപ്പെടുത്തി.
▪️വ്യാപാര സ്ഥാപനങ്ങളിലെ മുഴുവൻ ജോലിക്കാർക്കും ഉടമകൾക്കും മാസ്കും ഗ്ലൗസും നിർബന്ധമാക്കി.
▪️വ്യാപാര സ്ഥാപനങ്ങളിൽ സന്ദർശകരെ തിരിച്ചറിയുന്നതിന് സന്ദർശന ഡയറി നിർബന്ധമാക്കി.സന്ദർശകരുടെ പേര്,മേൽവിലാസം, ഫോൺ നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ അതാത് തീയതികളിൽ കൃത്യമായി രേഖപ്പെടുത്തണം.
▪️വ്യാപാര സ്ഥാപനങ്ങളിൽ കൈകഴുകുന്നതിന് വെള്ളവും, സോപ്പും,സാനിറ്റെയ്‌സറും നിർബന്ധമാക്കി.
▪️മാർക്കറ്റിൽ വരുന്ന സ്വകാര്യ വാഹനങ്ങളുടെ പാതയോരത്തെ പാർക്കിങ് നിരോധിച്ചു.ചരക്കു വാഹനങ്ങൾക്കും ക്രമീകരണം ഏർപ്പെടുത്തി.
▪️വ്യാപാര സ്ഥാപനങ്ങളിൽ സാമൂഹിക അകലം നിർബന്ധമാക്കി.ഒരേ സമയം 3 ആളുകളിൽ കൂടുതൽ വരുന്നതും നിരോധിച്ചു.ടെക്‌സ്റ്റൈൽസ്, സൂപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ ഒരേ സമയം 5 ഇലധികം ആളുകൾ വരുന്നതും നിരോധിച്ചു.
▪️വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവർ നിർബന്ധമായും ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്ന രീതിയിൽ മാസ്‌ക് ധരിക്കേണ്ടതും അല്ലാത്തവർക്ക് സാധനങ്ങൾ വിൽക്കാൻ പാടില്ലാത്തതുമാണ്.ഇത് സൂചിപ്പിക്കുന്ന ബോർഡുകൾ നിർബന്ധമായും പ്രദര്ശിപ്പിക്കേണ്ടതാണ്.
▪️അതിഥി തൊഴിലാളികളെ അന്യസംസ്ഥാനങ്ങളിൽ നിന്ന് കൊണ്ട് വരുന്ന തൊഴിലുടമകൾ സർക്കാർ നിർദ്ദേശിക്കുന്ന നിയമങ്ങൾ പാലിക്കേണ്ടതും അല്ലാത്ത പക്ഷം ഏതെങ്കിലും സാഹചര്യത്തിൽ ഇവർമൂലം സമൂഹവ്യാപനത്തിന് കാരണമാവുകയാണെങ്കിൽ തൊഴിൽ ഉടമക്ക് എതിരെ നിയമനടപടികൾ കൈകൊള്ളുന്നതായിരിക്കും.
കോവിഡ് കാലം കഴിയുന്നത് വരെയോ,കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർദ്ദേശിക്കുന്നതുവരെയോ ഈ നിർദ്ദേശങ്ങൾ തുടരും എന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു.നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ ആവശ്യമെന്ന് തോന്നുന്ന പക്ഷം പകർച്ചവ്യാധി നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യാനുള്ള സാധ്യതയും പ്രസിഡന്റ് അറിയിച്ചു.

Advertisement