ഇരിങ്ങാലക്കുട : ക്രൈസ്തവ പ്രതീകങ്ങളെയും മതാചാരങ്ങളെയും വിശ്വാസ പാരമ്പര്യങ്ങളെയും അവഹേളിക്കുന്ന, ഇരിങ്ങാലക്കുട രൂപതയെയും മെത്രാനെയും അപകീര്‍ത്തിപ്പെടുത്തുന്ന, മതവികാരങ്ങളെ വ്രണപ്പെടുത്തുന്ന, വ്യക്തികളെ സമൂഹ മധ്യെ താറടിച്ചു കാണിക്കുന്ന ഒരു വീഡിയോ നവമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ഇരിങ്ങാലക്കുട രൂപത കേസ് ഫയല്‍ ചെയ്തു. ക്രൈസ്തവ വിശ്വാസ സമൂഹത്തിനും സഭയ്ക്കും രൂപതയ്ക്കും അപമാനമുണ്ടാക്കുന്ന, അസഭ്യമായ വാക്കുകളുടെ പ്രയോഗങ്ങള്‍കൊണ്ടും അശ്ലീലവും മ്ലേച്ഛവുമായ ഭാഷകൊണ്ടും നിര്‍മിച്ചിരിക്കുന്ന വീഡിയോ തീര്‍ത്തും അസത്യമാണെന്ന് രൂപതാവൃത്തങ്ങള്‍ അറിയിച്ചു. ഇതിനു പുറകില്‍ പ്രവര്‍ത്തിച്ച കുറ്റവാളികളെ കണ്ടെത്തുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ കടുത്ത നിയമങ്ങളും കേരള പൊലിസ് ആക്ടും വ്യക്തിയെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തുന്ന, മതനിന്ദ വര്‍ദ്ധിപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങളുടെ ശിക്ഷാ നിയമനടപടികള്‍ വഴിയും കേസെടുത്തതായി ഇരിങ്ങാലക്കുട പൊലിസ് അറിയിച്ചു. ഈ വീഡിയോ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത് കുറ്റകരമാണെന്നും അങ്ങനെയുള്ള എല്ലാവര്‍ക്കുമെതിരെയും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും ഇരിങ്ങാലക്കുട സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.ജെ ജിജോ പറഞ്ഞു.ഇരിങ്ങാലക്കുട രൂപതയിലെ ചാലക്കുടിക്കടുത്ത പ്രദേശമായ തച്ചുടപ്പറമ്പ് സെന്റ് സെബാസ്റ്റ്യന്‍ ഇടവകയില്‍ കോവിഡ് മൂലം മരണമടഞ്ഞ വ്യക്തിയുടെ മൃതദേഹം ദഹിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് മറുപടിയായി ബിഷപ് സാമൂഹ്യ മാധ്യമങ്ങളില്‍ നല്‍കിയ സഭാപഠനമാണ് ഈ വീഡിയോയുടെ പശ്ചാത്തലമെന്ന് കരുതുന്നു.
ഇരിങ്ങാലക്കുട രൂപതയെയും മെത്രാനെയും അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോ :പൊലിസ് കേസെടുത്തു
Advertisement