ഇരിങ്ങാലക്കുട സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ നിയോജക മണ്ഡലം ആക്കുന്ന കരുണം പദ്ധതിയുമായി ICWCS ഉം ദയ ചാരിറ്റബിൾ ട്രസ്റ്റും

145

ഇരിങ്ങാലക്കുട : പഠന സംവിധാനങ്ങൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസ്സുകളിൽ ഹാജരാകാൻ കഴിയാത്ത നിർധന വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി കരുണം പദ്ധതിയുമായി ഇരിങ്ങാലക്കുട സോഷ്യൽ വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റി. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന നിർധനരായ വിദ്യാർത്ഥികൾക്ക് ഇരിങ്ങാലക്കുട സോഷ്യൽ വെൽഫയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ 100 സ്മാർട്ട്‌ ടിവികൾ സൗജന്യമായി നൽകുന്നു. ഇതിൽ 10 ടിവികൾ സൊസൈറ്റി നേരിട്ട് നൽകുമ്പോൾ ബാക്കിയുള്ളവ സ്പോൺസർമാരെ കണ്ടെത്തി നൽകുന്നു. സ്മാർട്ട്‌ ടീവി കൂടാതെ ലാപ്ടോപ്, സ്മാർട്ട്‌ ഫോണുകൾ, ടാബ്ലറ്റുകൾ എന്നിവയും നിയോജക മണ്ഡലത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ലഭ്യമാക്കുകയാണ് കരുണം പദ്ധതിയുടെ ലക്ഷ്യം. രക്ഷിതാക്കൾക്ക് ഇതിനായി പണം കണ്ടെത്തുന്നതിന് 2 പുതിയ എംഡിഎസുകളും സൊസൈറ്റി ആവിഷ്കരിച്ചു. 1000 രൂപ / 500 രൂപ വീതം 36 മാസ തവണകളായി അടച്ചു വട്ടമെത്തുന്ന എംഡിഎസുകളിൽ ചേരുന്നവർക്ക് സ്മാർട്ട്‌ പഠനോപകരണങ്ങൾ വാങ്ങുന്നതിനുള്ള പണം സൊസൈറ്റി മുൻകൂറായി ലഭ്യമാക്കുന്നു. കൂടാതെ ഒരു തവണ പോലും മുടക്കം വരാതെ എംഡിഎസ് അടക്കുന്നവർക്ക് വട്ടമെത്തുമ്പോൾ കമ്മീഷൻ തുക അടക്കം ബാക്കി തുക നൽകുന്നു. സ്പോൺസർമാർക്കും ഈ പദ്ധതി പ്രയോജനപ്പെടുത്താകുന്നതാണ്. ഇരിങ്ങാലക്കുടയെ സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ നിയോജക മണ്ഡലം ആയി പ്രഖ്യാപിക്കുന്ന കർമം ടി. എൻ. പ്രതാപൻ MP നിർവഹിക്കും. ഇത് യാഥാർഥ്യമാകുന്നതോടെ കേരളത്തിലെ ആദ്യത്തെ സമ്പൂർണ ഡിജിറ്റൽ വിദ്യാഭ്യാസ നിയോജക മണ്ഡലമായി ഇരിങ്ങാലക്കുട മാറും. ഇതിനായി MP’s education care ഉം സഹകരിക്കും. ഇതിനോടകം തന്നെ ISWCS ഉം ദയ ചാരിറ്റബിൾ ട്രസ്റ്റും ചേർന്നു നടപ്പിലാക്കിയ നിർധനരായ രോഗികൾക്ക് തീർത്തും സൗജന്യമായി മരുന്നുകൾ നൽകുന്ന ആർദ്രം പദ്ധതി ഏറെ ജനകീയമായി കഴിഞ്ഞു. പ്രതിവർഷം ഒന്നര കോടി രൂപയുടെ സൗജന്യ മരുന്നുകൾ വിതരണം ചെയ്യാൻ ലക്ഷ്യമിട്ടു തുടങ്ങിയ പദ്ധതിയിൽ ഇപ്പോൾ തന്നെ നൂറോളം പേർക്ക് മാസം തോറും മരുന്നുകൾ സൗജന്യമായി നൽകി വരുന്നു. ഇരിങ്ങാലക്കുട സോഷ്യൽ വെൽഫയർ കോഓപ്പറേറ്റീവ് സൊസൈറ്റിയുടെയും ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ഈ രണ്ടു പദ്ധതികളിലും മുഴുവൻ സുമനസ്സുകളും പങ്കാളികൾ ആകണമെന്ന് സൊസൈറ്റി പ്രസിഡന്റ്‌ എം. എസ്. അനിൽകുമാർ, വൈസ് പ്രസിഡന്റ്‌ ടി. വി. ജോൺസൻ, എക്സിക്യൂട്ടീവ് ഡയറക്ടർ വർഗ്ഗീസ് പുത്തനങ്ങാടി, സെക്രട്ടറി പ്രദീപ്‌ കെ. ജി, ദയ ചാരിറ്റബിൾ ട്രസ്ററ് സെക്രെട്ടറി ഷാറ്റോ കുര്യൻ എന്നിവർ അഭ്യർത്ഥിച്ചു

Advertisement