മുടി വെട്ടുപകരണങ്ങൾ അണു വിമുക്തമാക്കാൻ ചേംബറൊരുക്കി ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജ്.

76

ഇരിങ്ങാലക്കുട :കൊറോണയുടെ വ്യാപനം ശക്തമായി തുടരുന്ന സാഹചര്യത്തിൽ ആളുകൾ പോകാൻ മടി കാണിക്കുന്ന ഒരിടമാണ് സലൂണുകൾ. ഒരാളിൽ ഉപയോഗിച്ച കത്രികയും ചീപ്പും ട്രിമ്മറുകളും മറ്റൊരാളിൽ ഉപയോഗിക്കുമ്പോളുള്ള അരക്ഷിതാവസ്ഥയാണ് ആളുകളെ ബാർബർ ഷോപ്പുകളിൽ പോകുന്നതിൽ നിന്നും പിൻതിരിപ്പിക്കുന്നത്. ഈ ആശങ്കകൾക്ക് വിരാമമിടാനായാണ്, ക്രൈസ്റ്റ് എൻജിനീയറിങ്ങ് കോളേജ് അണു നശീകരണ ബോക്സ് തയ്യാറാക്കിയിരിക്കുന്നത്. കോളേജിലെ IEDC സെൽ മുൻകയ്യെടുത്ത് നിർമ്മിച്ചിരിക്കുന്ന ഈ സംവിധാനം അൾട്രാവയലറ്റ് രശ്മികളുടെ സഹായത്തോടെയാണ് അണു നശീകരണം നടത്തുന്നത്. സമാനമായ മറ്റു ഉപകരണങ്ങളേക്കാൾ കാര്യക്ഷമത കൂട്ടുന്നതിനായി വ്യത്യസ്തമായ ദിശകളിൽ ഒരുക്കി വച്ചിട്ടുള്ള കണ്ണാടികളുടെ ശൃഖല ഈ സംവിധാനത്തെ പ്രത്യേകതയാണ്. ഓരോ തവണ മുടി വെട്ടിയതിനു ശേഷം 5 -10 മിനുട്ടുവരെ ഉപകരണങ്ങൾ അണു നീകരണ ചേംബറിൽ സൂക്ഷിച്ചാൽ രോഗാണുക്കളുടെ സാന്നിധ്യം വലിയ തോതിൽ നിയന്ത്രിക്കാനാകും. ചേംബറിൻ്റെ വാതിൽ മുഴുവനായും അടച്ചാൽ മാത്രം പ്രവർത്തനമാരംഭിക്കുന്നതിനായി ലിമിറ്റ് സ്വിച്ചുകളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അൾട്രാവയലറ്റ് രശ്മികളുടെ പുറത്തേക്കുള്ള ചോർച്ച തടയുവാനാണ് ഇത്തരത്തിൽ വൈദ്യുതീകരണം നടത്തിയിരിക്കുന്നതെന്ന് കോളേജിലെ ഇലക്ട്രോണിക്സ് വിഭാഗം അധ്യാപകനായ രാഹുൽ മനോഹർ അറിയിച്ചു. കോളേജ് മനേജുമെൻ്റിൻ്റേയും പ്രിൻസിപ്പാളിനെയും സമ്പൂർണ്ണ സഹകരണത്തോടെ വികസിപ്പിച്ചെടുത്ത ഈ ഉപകരണത്തിന് വലിപ്പമനുസരിച്ച് 3200 മുതൽ 3800 വരെയാണ് നിർമ്മാണ ചിലവ്.

Advertisement