ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങളോടെ ജനപങ്കാളിത്തം അനുവദിക്കണം: ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍

136

ഇരിങ്ങാലക്കുട:ആരാധനാലയങ്ങളില്‍ നിയന്ത്രണങ്ങളോടെ ജനപങ്കാളിത്തം അനുവദിക്കണമെന്ന് ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു. കൊറോണ രോഗ വ്യാപനത്തെത്തുടര്‍ന്ന് ഇക്കഴിഞ്ഞ രണ്ടുമാസക്കാലമായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്ന പല മേഖലകളിലും ഇളവുകള്‍ അനുവദിച്ച് മനുഷ്യന്റെ സാധാരണ ജീവിതം സാധ്യമാക്കുന്ന ഘട്ടത്തിലേക്ക് നാടിനെ തിരിച്ചുകൊണ്ടുവരുന്ന ഭരണാധികാരികളുടെ നടപടികളെ ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു. ഒത്തു കൂടലുകളില്‍ എല്ലാവരും സാമൂഹ്യ അകലം പാലിക്കണമെന്നും മാസ്‌ക് ധരിക്കണമെന്നും സാനിറ്റൈസര്‍ ഉപയോഗിക്കണമെന്നുളള നിര്‍ദ്ദേശങ്ങള്‍ വളരെ നല്ലതാണ്. മറ്റേതൊരു പൊതുസ്ഥലത്തേക്കാളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും മുന്‍ കരുതലുകളെടുക്കാനും ഈ അവസരത്തില്‍ ആരാധനാലയങ്ങള്‍ക്ക് സാധിക്കുമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ വിലയിരുത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെ ആന്തരിക സമാധാനത്തിനും മാനസിക സംഘര്‍ഷങ്ങള്‍ക്ക് അയവ് വരുത്താനും മതകര്‍മ്മങ്ങള്‍ അനിവാര്യമാണ്. അതിനാല്‍ ജനങ്ങള്‍ക്ക് ആരാധനാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ അവസരം നല്‍കേണ്ടതാണ്. അമ്പത് പേര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുളള ബസ്സില്‍ ഇരുപത്തിയഞ്ച് പേര്‍ക്ക് സാമൂഹ്യ അകലം പാലിച്ച് നിയന്ത്രണങ്ങളോടെ യാത്ര ചെയ്യാന്‍ അനുവദിച്ചിരിക്കെ, സാധാരണ ഗതിയില്‍ അഞ്ഞൂറിലധികം ജനങ്ങള്‍ക്ക് പങ്കെടുക്കാന്‍ കഴിയുന്നത്ര വിസ്തീര്‍ണ്ണമുള്ള ദൈവാലയങ്ങളില്‍ ആറടി സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ഏറ്റവും ചുരുങ്ങിയത് അമ്പത് പേര്‍ക്കെങ്കിലും പങ്കെടുക്കാവുന്ന ആരാധനാസ്വാതന്ത്യം അനുവദിക്കണമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിക്കുന്നു.മുഖ്യമന്ത്രിയുടെ ആഹ്വാനം സ്വീകരിച്ച് ഭക്ഷ്യ സ്വയം പര്യാപ്തതയ്ക്കുവേണ്ടി വളരെയധികം പേര്‍ ഭക്ഷ്യവിളകള്‍ കൃഷി ചെയ്യുവാന്‍ ആരംഭിച്ചിരിക്കുന്നത് വളരെ അഭിനന്ദനാര്‍ഹമാണ്. ലോക്ക് ഡൗണ്‍ കാലത്ത് മദ്യശാലകള്‍ അടച്ചതോടെ അനേകം മദ്യാസക്തര്‍ സ്വഭാവികമായി സുഖം പ്രാപിക്കുകയും കുടുംബങ്ങളില്‍ സമാധാനം ഉണ്ടാകുകയും ചെയ്തവെന്ന കാര്യവും പ്രത്യേകം എടുത്തുപറയുകയുണ്ടായി.ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ വൈസ് പ്രസിഡന്റ് മോണ്‍. ജോസ് മഞ്ഞളി, ജനറല്‍ സെക്രട്ടറി, ഫാ. ജെയ്‌സന്‍ കരിപ്പായി, സെക്രട്ടറിമാരായ ശ്രീ. ടെല്‍സന്‍ കോട്ടോളി, പ്രൊഫ. ആനി ഫെയ്ത്ത് എന്നിവര്‍ സംസാരിച്ചു.

Advertisement