Home NEWS പ്രവാസികളുടെ തിരിച്ചുവരവ്: തയ്യാറെടുത്ത് ജില്ല:വാർഡ് തല വിവരശേഖരണം തുടങ്ങി

പ്രവാസികളുടെ തിരിച്ചുവരവ്: തയ്യാറെടുത്ത് ജില്ല:വാർഡ് തല വിവരശേഖരണം തുടങ്ങി

തൃശൂർ:ലോക്ക് ഡൗൺ കഴിഞ്ഞാൽ തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിനും വേണ്ട സൗകര്യങ്ങളൊരുക്കുന്നതിനുമുളള ജില്ലാ ഭരണകൂടത്തിന്റെ തയ്യാറെടുപ്പ് അവസാന ഘട്ടത്തിലേക്ക്. ജില്ലയിൽ തിരിച്ചെത്താൻ സാധ്യതയുളള പ്രവാസികളുടെ എണ്ണം കണക്കാക്കുന്നതിനുളള വിവരശേഖരണം വെളളിയാഴ്ച (ഏപ്രിൽ 24) തുടങ്ങി. ഇവരെ താമസിപ്പിക്കുന്നതിനുളള കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്നതിനുളള പ്രവർത്തനവും അവസാനഘട്ടത്തിലാണ്.ജില്ലയിലെ പ്രവാസികളുടെ സമഗ്രമായ വിവരശേഖരണം വാർഡുതലത്തിൽ രൂപീകരിച്ചിട്ടുളള റാപിഡ് റെസ്‌പോൺസ് ടീമുകളുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പോയിട്ടുളളവരുടെ കൃത്യമായ കണക്ക് ശേഖരിക്കും. ഇതിൽ ലോക്ക് ഡൗണിന് ശേഷം തിരിച്ചെത്തുന്നവരുടെ കണക്കെടുപ്പ് പ്രത്യേകം നടത്തും. തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വന്തം വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിന് സൗകര്യമുണ്ടോ എന്നും പരിശോധിക്കും. കണക്കെടുപ്പുകൾ ഏപ്രിൽ 26 ന് പൂർത്തിയാക്കി ജില്ലാതലത്തിൽ ക്രോഡീകരിക്കും. ഓരോ തദ്ദേശസ്ഥാപനങ്ങളുടെയും അതിർത്തിക്കുളളിൽ തിരിച്ചെത്തുന്ന പ്രവാസികളുടെ എണ്ണം ഇപ്രകാരം തിട്ടപ്പെടുത്തും.മടങ്ങിയെത്തുന്നവർക്ക് വിമാനത്താവളങ്ങളിൽ ആരോഗ്യപരിശോധന നടത്തും. രോഗലക്ഷണങ്ങൾ ഇല്ലാത്തവരെ അവരവരുടെ വീടുകളിൽ താമസിപ്പിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത്. ശുചിമുറി സൗകര്യത്തോട് കൂടിയ കിടപ്പ്മുറി വീട്ടിലുളളവരെ അവരവരുടെ വീടുകളിൽ തന്നെ നിരീക്ഷണത്തിലാക്കും.സ്വന്തം വീടുകളിൽ ക്വാറന്റൈൻ സൗകര്യം ഇല്ലാത്തവരെ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുളള കോവിഡ് കെയർ സെന്ററുകളിൽ പാർപ്പിക്കും. അസുഖ ബാധിതർ, ഗർഭിണികൾ, വയോജനങ്ങൾ, കുട്ടികൾ എന്നിവരുളള വീടുകളിലും നാട്ടിലെത്തുന്ന പ്രവാസികളെ താമസിപ്പിക്കില്ല. ഇവരെയും കെയർ സെന്റർ റൂമുകളിലേക്ക് മാറ്റും. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കെയർ സെന്ററുകളിൽ പ്രത്യേകം നിരീക്ഷിക്കും. വിമാനത്താവളത്തിലെ ആരോഗ്യപരിശോധനയിൽ കോവിഡ് സംശയം തോന്നുവരെ നേരിട്ട് ആശുപത്രിയിലേക്ക് മാറ്റും.വിദേശങ്ങളിൽ ആയമാർ, വീട്ടുജോലിക്കാർ എന്നിങ്ങനെ തുച്ഛവരുമാനത്തിന് ജോലിചെയ്തവരും സ്വന്തം വീടുകളിൽ സൗകര്യമില്ലാത്തവരുമായ വനിതകൾക്ക് പ്രത്യേക സൗകര്യം ഒരുക്കും. വീടുകളിലേക്ക് പോകാതെ സ്വന്തം ചെലവിൽ പുറത്ത് താമസിക്കാൻ ആഗ്രഹം പ്രകടിപ്പിക്കുന്നവർക്ക് പണം നൽകി താമസിക്കുന്നതിനുളള സൗകര്യവും ഉറപ്പു വരുത്തും. 35 ഓളം റിസോർട്ടുകൾ ഇതിനായി ഒരുക്കും.കോവിഡ് കെയർ സെന്ററുകൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഗുരുവായൂർ, തൃശൂർ, മുരിങ്ങുർ തുടങ്ങിയ വിവിധ പ്രദേശങ്ങളിലായി 4000 ഓളം നിരീക്ഷണ മുറികൾ ഒരുക്കുന്നതിനുളള തയ്യാറെടുപ്പ് അതിവേഗം പുരോഗമിക്കുകയാണ്.വാർഡുതലത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ മേഖലാടിസ്ഥാനത്തിലും ജില്ലാടിസ്ഥാനത്തിലും ക്രോഡീകരിക്കും. നഗരസഭകളിലേയും കോർപ്പറേഷനിലേയും വിവരശേഖരണത്തിന് ജില്ലാ വകുപ്പദ്ധ്യക്ഷർക്ക് നോഡൽ ഓഫീസർമാരായി ചുമതല നൽകിയിട്ടുണ്ട്. അപ്പലേറ്റ് അതോറിറ്റി ഡെപ്യൂട്ടി കളക്ടർ കെ മധുവിനാണ് പ്രവാസി നിരീക്ഷണ സംവിധാനത്തിന്റെ പൊതുചുമതല. അടുത്ത ആഴ്ചയോടെ പ്രവാസികളുടെ മടങ്ങിവരവുമായി ബന്ധപ്പെട്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കുമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

Exit mobile version