ശാസ്തൃദര്‍ശന പഞ്ചകം 17 ന് ആരംഭിക്കും

390

ആറാട്ടുപുഴ: ആറാട്ടുപുഴ, ചാത്തക്കുടം, ചിറ്റിച്ചാത്തക്കുടം, ചക്കംകുളങ്ങര, തിരുവുള്ളക്കാവ് ക്ഷേത്രങ്ങളില്‍ ഒരേ ദിവസം ഉദയം മുതല്‍ മദ്ധ്യാഹ്നം വരെയുള്ള സമയത്ത് ദര്‍ശനം നടത്തുന്ന പരമപുണ്യമായ ഉപാസനയായ ശാസ്തൃദര്‍ശന പഞ്ചകം നവംബര്‍ 17ന് ആരംഭിക്കും. വ്രതനിഷ്ഠയ്ക്ക് അനന്യ അവസരമായ വൃശ്ചികം ഒന്നു മുതല്‍ ധനു പന്ത്രണ്ട് വരെ നീണ്ടു നില്ക്കുന്ന മണ്ഡലകാലത്താണ് ശാസ്തൃദര്‍ശന പഞ്ചകത്തിന് ഏറെ പ്രാധാന്യമുള്ളത്. എല്ലാ മുപ്പെട്ട് ശനിയാഴ്ചകളിലും ഭക്തര്‍ ഈ അഞ്ച് ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി വരുന്നു. വേദാന്തിയായി ആറാട്ടുപുഴയിലും കര്‍മ്മനിരതനായി ചാത്തക്കുടത്തും സര്‍വ്വ മംഗള ദായകനായി ചിറ്റി ചാത്തക്കുടത്തും ആയൂരാരോഗ്യദായകനായി ചക്കംക്കുളങ്ങരയിലും വിദ്യാ ദായകനായി തിരുവുള്ളക്കാവിലും ചൈതന്യമായി വിളങ്ങുന്ന അഞ്ചു ശാസ്താക്കന്മാരെ ഒരേ ദിവസം ദര്‍ശനം നടത്തുന്നത് അനന്തര ദുരിതങ്ങളില്‍ നിന്നും മുക്തി നേടാനുള്ള സുകൃതമായി ഭക്തര്‍ കണക്കാക്കുന്നു. ആറാട്ടുപുഴ ക്ഷേത്രത്തില്‍ നിന്നും തുടങ്ങി ചാത്തക്കുടം, ചിറ്റിചാത്തക്കുടം, ചക്കംക്കുളങ്ങര ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയാല്‍ ശാസ്തൃദര്‍ശന പഞ്ചകം പൂര്‍ണ്ണമാകും.

Advertisement