Home NEWS കേരളത്തിന്റെ താരമാകാന്‍ ഇരിങ്ങാലക്കുടക്കാരന്‍

കേരളത്തിന്റെ താരമാകാന്‍ ഇരിങ്ങാലക്കുടക്കാരന്‍

ഇരിങ്ങാലക്കുട: രാജ്യാന്തരതലത്തില്‍ നടക്കുന്ന ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ താരമാകാന്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്ജ് വിദ്യാര്‍ത്ഥി ശിവങ്കര്‍. മലേഷ്യയിലെ ക്വാലാലംപൂരില്‍ നടക്കുന്ന ലോകയൂണിവേഴ്‌സിറ്റി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക് ശിവശങ്കര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 15 മുതല്‍ 21 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. ഇന്ത്യയില്‍ നിന്ന് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറു പേര്‍ മത്സരിക്കും. മൂന്നുപേര്‍ പഞ്ചാബ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മൂന്നുപേര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മൂന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥിയാണ് ശിവശങ്കര്‍. കോണത്തുകുന്ന് പൈങ്ങോട് എറിയാട് വീട്ടില്‍ ജയപ്രകാശ് സുനന്ദ ദമ്പതികളുടെ മകനാണ് ശിവശങ്കര്‍. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നിരവധി സമ്മാനങ്ങള്‍ ശിവശങ്കര്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ നാലുവര്‍ഷം തുടര്‍ച്ചയായി ജില്ലാ ടീമിലും രണ്ടുവര്‍ഷം സംസ്ഥാനടീമിലും അംഗമായിരുന്നു. കടവന്ത്ര റീജണല്‍ സ്‌പോര്‍ട്‌സ് സെന്ററിലെ ജോയ്.ടി.ആന്റണി, സനോവ് തോമസ് എന്നിവരാണ് പരിശീലകര്‍. സഹോദരന്‍ വിഷ്ണു പ്രകാശ് കഴിഞ്ഞവര്‍ഷംം സബ്ബ്ജൂനിയര്‍ വിഭാഗത്തില്‍ സംസ്ഥാനതലത്തില്‍ മത്സരച്ചിട്ടുണ്ട്. കഠിനാധ്വാനത്തിന്റെയും പരിശ്രമത്തിന്റെയും ഫലമാണ് ലോക യൂണിവേഴ്‌സിറ്റി ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ ശിവശങ്കറിന്റെ പങ്കാളിത്തമെന്ന് ക്രൈസ്റ്റ് വൈസ് പ്രിന്‍സിപ്പള്‍ ഫാ.ജോയ് പീണിക്കപറമ്പില്‍ പറഞ്ഞു.

Exit mobile version