അടിയന്തിര ദുരിതാശ്വാസം:മുകുന്ദപുരം താലൂക്കില്‍ ഇതുവരെ വിതരണം ചെയ്യപ്പെട്ടത് 8 കോടി 63 ലക്ഷം രൂപ.

312

 

ഇരിങ്ങാലക്കുട. പ്രളയദുരിത ബാധിതര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അടിയന്തിരധനസഹായമായ 10,000 രൂപ താലൂക്കിലെ പതിനായിരത്തോളം പേര്‍ക്ക് അക്കൗണ്ടുകളിലൂടെ വിതരണം നടത്തി.വ്യാഴാഴ്ച്ച വരെ ബി.എല്‍.ഒ മാര്‍ സര്‍വെനടത്തി ലിസ്റ്റ് ചെയ്തവരില്‍നിന്നും 21348 കുടുംബങ്ങളെയാണ് ധനസഹായത്തിനര്‍ഹരായി കണ്ടെത്തി വില്ലേജ് ഓഫീസര്‍മാര്‍ തഹസില്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.രണ്ട് ഘട്ടങ്ങളായാണ് പതിനായിരം രൂപ ദുരിതബാധിതരുടെ അക്കൗണ്ടിലെത്തുന്നത്. വ്യാഴാഴ്ച്ചവരെ 9863 പേര്‍ക്ക് സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും 3800 രൂപവീതം 3 കോടി എഴുപത്തിനാല് ലക്ഷത്തി എഴുപത്തൊമ്പതിനായിരത്തി നാനൂറ് രൂപ വിതരണം നടത്തി. കൂടാതെ 7875 പേര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 6200 രൂപവീതം 4 കോടി എണ്‍പത്തെട്ട് ലക്ഷത്തി ഇരുപത്തയ്യായിരം രൂപയും വിതരണം പൂര്‍ത്തിയാക്കി.ദുരന്തനിവാരണനിയമപ്രകാരം പാത്രങ്ങള്‍ക്കും വസ്ത്രങ്ങള്‍ക്കുമായി 3800 രൂപ മാത്രമേ ദുരിതബാധിതര്‍ക്ക് അനുവദിക്കാന്‍ കഴിയുകയുള്ളുവെന്നതിനാലാണ് 3800 രൂപ ആദ്യഘഡുവായി അനുവദിക്കുന്നത്.ഈ തുക സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നുമാണ് അനുവദിക്കുന്നത്.ബില്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റത്തിലൂടെ വേണം (BIMS) ഈ തുക ബില്‍ ചെയ്യപ്പെടേണ്ടത്.
തുടര്‍ന്നുള്ളത് കേരളത്തിലെ പ്രത്യേക ദുരിതസാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ അനുവദിച്ച 6200 രൂപയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നുമാണ് ഈതുക അനുവദിക്കുന്നത്.ദുരിതാശ്വാസ നിധി അക്കൗണ്ടിലൂടെ (CMDRF) യാണ് ഈതുക അക്കൗണ്ട്‌ചെയ്യപ്പെടുന്നത്. രണ്ട് തുകകളും വ്യത്യസ്തമായി തന്നെ അക്കൗണ്ട് ചെയ്യപ്പെടണമെന്നതിനാല്‍ വ്യക്തിഗതവിവരങ്ങള്‍ രണ്ടുതവണ ആവര്‍ത്തിച്ച് രേഖപ്പെടുത്തേണ്ട ജോലിഭാരം മറികടന്നാണ് വേഗത്തില്‍ തുക വിതരണം നടത്തിവരുന്നത്.താലൂക്ക് ഓഫീസും ട്രഷറിയും രാപകല്‍ ഭേദമന്യേ തുകവിതരണ പ്രവര്‍ത്തനങ്ങള്‍ക്കുമാത്രമായി പ്രവര്‍ത്തിച്ചുവരികയാണ്.കംപ്യൂട്ടറുകളുടെ അഭാവം പരിഹരിക്കുന്നതിനായി വില്ലേജ് ഓഫീസുകളില്‍നിന്നും ലാപ്‌ടോപ്പുകള്‍ വരുത്തിയാണ് ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുന്നത്. തുകവിതരണ പ്രവര്‍ത്തനങ്ങള്‍ വെള്ളിയാഴ്ച്ചയോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് മുകുന്ദപുരം തഹസില്‍ദാര്‍ ടി.ജെ.മധുസൂദനന്‍ അറിയിച്ചു.

Advertisement