കളക്ടറുടെ ഇടപ്പെടലില്‍ ഇരിങ്ങാലക്കുട നഗരസഭ നീട്ടിവച്ച കുടിവെള്ള വിതരണത്തിനുള്ള തടസങ്ങള്‍ മണിക്കൂറുകള്‍ക്കകം നീങ്ങി.

2581

ഇരിങ്ങാലക്കുട: ജില്ലാ കളക്ടറുടെ ശക്തമായ ഇടപെടലോടെ ഇരിങ്ങാലക്കുട നഗരസഭ പീച്ചംപിള്ളിക്കോളനിയിലുള്ള കുടിവെള്ള പദ്ധതിയുടെ സാങ്കേതിക തകരാറുകള്‍ക്ക് പരിഹാരമായി. സാങ്കേതിക തടസം ചൂണ്ടിക്കാട്ടി നഗരസഭാധികൃതര്‍ നീട്ടിക്കൊണ്ടുപോയ വിഷയത്തിന് കളക്ടര്‍ ടി.വി. അനുപമയുടെ സന്ദര്‍ശനത്തോടെ 24 മണിക്കൂറിനുള്ളിലാണ് പരിഹാരമായത്. 2007 ല്‍ ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ കമ്മീഷന്‍ ചെയ്ത ഇ.കെ. നായനാര്‍ സ്വാശ്രയ കുടിവെള്ള പദ്ധതി വഴിയാണ് കോളനിയിലെ 23 വീട്ടുകാര്‍ക്ക് കിണറില്‍ നിന്നും വെള്ളമെത്തിച്ചിരുന്നത്. പദ്ധതിയുടെ ഭാഗമായുള്ള മോട്ടോര്‍ തകരാറിലായതിനെ തുടര്‍ന്ന് കോളനിവാസികള്‍ കുറച്ചുനാളുകളായി അടുത്തുള്ള പൊതുടാപ്പിനെ ആശ്രയിച്ചാണ് മുന്നോട്ടുപോയിരുന്നത്. പ്രളയത്തെ തുടര്‍ന്ന് മാപ്രാണം സെന്റ് സേവിയേഴ്സ് സ്‌കൂളിലെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന കോളനിവാസികള്‍ കുടിവെള്ള പദ്ധതി പ്രാവര്‍ത്തികമാക്കാതെ ക്യാമ്പില്‍ നിന്നും മടങ്ങില്ലെന്ന് നിലപാടെടുത്തതോടെ റവന്യു അധികൃതര്‍ വിഷയം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു. ജില്ലാ കളക്ടര്‍ ടി.വി. അനുപമ ഒരു മണിക്കൂറിനുള്ളില്‍ സ്ഥലത്തെത്തി. ഉടന്‍തന്നെ നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തിന് അടിയന്തിരമായി മോട്ടോറിന്റെ സാങ്കേതിക തടസങ്ങള്‍ പരിഹരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കുകയുമായിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരം മാളയില്‍ ക്യാമ്പ് ചെയ്തിരുന്ന കാസര്‍ഗോഡ് ഐടിഐയില്‍ നിന്നുള്ള 20 ഇലക്ട്രീഷ്യന്‍മാര്‍ അടങ്ങിയ സംഘം കോളനിയില്‍ രാവിലെ തന്നെ എത്തി വീടുകളിലെ റിപ്പയറിംഗും അനുബന്ധപ്രവര്‍ത്തനങ്ങളും നടത്തി. മോട്ടോര്‍ പമ്പ് ശരിയാക്കുന്നതുവരെ ടാങ്കറില്‍ കുടിവെള്ളവും കോളനിയിലെത്തിച്ചു. നഗരസഭ എന്‍ജിനീയറിംഗ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ മോട്ടോറും പമ്പ്സെറ്റും മാറ്റി പദ്ധതിയും പ്രാവര്‍ത്തികമാക്കി കഴിഞ്ഞു. പ്രളയം പീച്ചംപിള്ളിക്കോളനിയില്‍ കനത്ത നാശമാണ് വിതച്ചത്. നാല് വീടുകള്‍ പൂര്‍ണമായും തകരുകയും 15 വീടുകള്‍ക്ക് ഭാഗികമായി തകര്‍ച്ചയും സംഭവിച്ചിട്ടുണ്ട്. തൃശൂര്‍ ആര്‍ഡിഒ ഡോ.എം.സി. റെജില്‍, തഹസില്‍ദാര്‍ ഐ.ജി. മധുസൂദനന്‍, കൗണ്‍സിലര്‍മാരായ അല്‍ഫോന്‍സ തോമസ്, സിന്ധു ബൈജന്‍, സിസി ഷിബിന്‍, സിജി അജയകുമാര്‍ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

Advertisement