ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തസ്തികകള്‍ നഷ്ടപ്പെടാന്‍ അനുവദിക്കരുതെന്ന് ബി.ജെ.പി.

613

ഇരിങ്ങാലക്കുട: വര്‍ഷങ്ങളായി ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ നിലനിന്നിരുന്ന സര്‍ജ്ജറി സംബന്ധമായ സീനിയര്‍ സര്‍ജന്‍ തസ്തികയും സീനിയര്‍ അനസ്തേഷ്യ തസ്തികയും ഇല്ലാതാക്കാനുള്ള നീക്കം ഏത് വിധേനേയും തടയണമെന്ന് ബി.ജെ.പി. ആവശ്യപ്പെട്ടു. എട്ട് പഞ്ചായത്തുകളിലേയും ഇരിങ്ങാലക്കുട നഗരസഭയിലേയും സാധാരണക്കാരായ രോഗികള്‍ക്കുള്ള ആശ്രയകേന്ദ്രമാണ് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി. സര്‍ജ്ജന്‍ തസ്തിക ഇല്ലാതായാല്‍ ഈ പ്രദേശത്തെ സര്‍ജറി സംബന്ധമായ രോഗികള്‍ക്ക് ചികിത്സ ലഭിക്കാതെ വരും. സങ്കീര്‍ണ്ണമായ ശസ്ത്രക്രീയകള്‍ ചെയ്യുന്നതിനും അത്തരം ശസ്ത്രക്രീയകള്‍ക്ക് വിദഗ്ദ്ധമായി മയക്കം നല്‍കുന്നതിനും സീനിയര്‍ തസ്തികയായ കണ്‍സള്‍ട്ടന്റ്മാരുടെ സേവനം അത്യന്താപേഷിതമാണ്. ഈ തസ്തികകള്‍ ഇല്ലാതായാല്‍ ആശുപത്രിയേയും ഈ മേഖലയിലെ രോഗികളേയും അത് സാരമായി ബാധിക്കും. ഇരിങ്ങാലക്കുട ആശുപത്രിയെ മുരടിപ്പിക്കുന്നതരത്തിലാണ് സര്‍ക്കാര്‍ ഓരോ തസ്തികകള്‍ ഇല്ലാതാക്കുന്നത്. അതിനാല്‍ നഗരസഭയും സ്ഥലം എം.എല്‍.എയും ഇടപെട്ട് ഈ നീക്കം തടയണമെന്ന് ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ടി.എസ്. സുനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നഗരസഭ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. നിയോജകമണ്ഡലം കമ്മിറ്റി വെള്ളിയാഴ്ച രാവിലെ 11ന് നഗരസഭ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുമെന്നും സുനില്‍കുമാര്‍ അറിയിച്ചു.

 

 

Advertisement