പുണ്യം പകര്‍ന്ന് ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ മാതൃക്കല്‍ ബലിദര്‍ശനം

585

ഇരിങ്ങാലക്കുട : കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ താന്ത്രികചടങ്ങുകളില്‍ പ്രധാനപ്പെട്ട ശ്രീഭുതബലിയുടെ മാത്യക്കല്‍ ദര്‍ശനത്തിന് വന്‍ ഭക്തജനതിരക്ക്.മറ്റ് ക്ഷേത്രങ്ങളില്‍ മാതൃക്കല്‍ ബലിക്ക് ഭക്തജനങ്ങളെ തൊഴാന്‍ അനുവദിക്കാറില്ല. എന്നാല്‍ ഇവിടെ മാതൃക്കല്‍ ബലി തൊഴുന്നത് പരമപുണ്യമാണെന്നാണ് സങ്കല്‍പ്പം. രാവിലെ ശീവേലിക്കും വൈകീട്ട് വിളക്ക് എഴുന്നള്ളിപ്പിനുമായി ഭഗവാന്റെ തിടമ്പ് പുറത്തേയ്ക്കെഴുന്നള്ളിക്കുമ്പോഴാണ് മാത്യക്കല്‍ ബലി ദര്‍ശനം ചടങ്ങ് നടക്കുക. ദേവന്‍ ആദ്യമായി ശ്രികോവിലില്‍ നിന്നും പുറത്തിറങ്ങുന്ന കൊടിപ്പുറത്ത് വിളക്കിനാണ് ആദ്യ മാതൃക്കല്‍ ബലി. തുടര്‍ന്നുള്ള എട്ടുദിവസവും രാവിലെ 7.45നും, രാത്രി 8.15നും, പള്ളിവേട്ടയ്ക്കും ആറാട്ട് ദിവസവും രാവിലേയും മാതൃക്കല്‍ ബലി ഉണ്ട്. മാതൃക്കല്‍ ദര്‍ശനത്തിന് മുന്നോടിയായി ദേവാംശത്തെ തിടമ്പിലേയ്ക്ക് ആവാഹിച്ച് ശ്രീഭൂതബലി നടത്തും. ആദ്യപ്രദക്ഷിണംകൊണ്ട് അഷ്ടദിക് പാലകരെ പൂജിച്ച് ബലി തൂകുന്നു. തുടര്‍ന്നാണ് മാത്യക്കല്‍ ബലി നടത്തുക. മാത്യക്കല്‍ ബലിക്ക് ഈ ക്ഷേത്രത്തില്‍ പ്രത്യേകതകള്‍ ഉണ്ട്. വെള്ളി പീഠത്തിലാണ് സാധാരണ ഭഗവത് തിടമ്പ് എഴുന്നള്ളിച്ച് വയ്ക്കുക. എന്നാല്‍ ഇക്കുറി ഒരു ഭക്തന്‍ വഴിപാടായി സമര്‍പ്പിച്ച പിച്ചളയില്‍ പൊതിഞ്ഞ പീഠ(പഴുക്കാമണ്ഡപം) ത്തിലാണ് ഭഗവാന്റെ തിടമ്പ് എഴുന്നള്ളിച്ചുവെക്കുന്നത്. തുടര്‍ന്ന് തന്ത്രി ദേവാജ്ഞയനുസരിച്ച് മാത്യക്കളായ ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വാരാഹി, ഇന്ദ്രാണി, ചാമുണ്ഡി എന്നി സപ്തമാത്യക്കള്‍, സര്‍വ്വമാത്യഗണങ്ങള്‍ തുടങ്ങി എല്ലാ രൂപത്തിലുമുള്ള മാത്യക്കളുടെ ഗണങ്ങളെ ക്ഷണിച്ചുവരുത്തി മന്ത്രപുരസരം അതിവിശിഷ്ടമായ ഹവീസും മറ്റും നല്‍കുന്നു. ശ്രീസംഗമേശന്‍ തന്നെ നേരിട്ട് എഴുന്നള്ളിയിരുന്ന് ഈ ബലി നടത്തിക്കുന്നുവെന്നാണ് സങ്കല്‍പ്പം. ഈ സമയത്ത് ചെണ്ട, തിമില, കൊമ്പ്, കുഴല്‍ എന്നിവ ചേര്‍ന്നുള്ള വാദ്യം ഒരു പ്രത്യേക പവിത്രാന്തരീക്ഷമാണ് സ്യഷ്ടിക്കുക. ദേവന്റേയും എല്ലാ മാത്യക്കളുടേയും സംഗമസമയമാകയാല്‍ ആ സന്ദര്‍ഭത്തിലെ ദര്‍ശനം പാപഹരം മാത്രമല്ല പുണ്യഹരം കൂടിയാണെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ ഈ ദര്‍ശനത്തിനായി നിരവധി ഭക്തജനങ്ങളാണ് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നത്. തുടര്‍ന്ന് വാതില്‍മാടത്തില്‍ ദേവി സങ്കല്‍പ്പത്തില്‍ ബലിതൂകി പുറത്തേയ്ക്കെഴുന്നള്ളിക്കുന്നു. മിക്ക ക്ഷേത്രങ്ങളിലും നിത്യശിവേലിക്ക് തിടമ്പ് പുറത്തേയ്ക്കെഴുന്നുള്ളിക്കുമെങ്കിലും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവകാലത്തുമാത്രമെ ദേവനെ പുറത്തേയ്ക്ക് എഴുന്നള്ളിക്കാറൊള്ളു. ദേവചൈതന്യം പൂര്‍ണ്ണമായും തിടമ്പിലേക്ക് ആവാഹിക്കുന്നതിനാലാണ് മാതൃക്കല്‍ ദര്‍ശനത്തിന് ഇത്രയും പ്രാധാന്യം.

Advertisement