നെല്ല് സംഭരണം അട്ടിമറിക്കാനുള്ള മില്ലുടമകളുടെ നീക്കം ചെറുക്കും- കര്‍ഷകസംഘം.

741

ഇരിങ്ങാലക്കുട : പുഞ്ചക്കൊയ്ത്ത് കഴിഞ്ഞ കര്‍ഷകരില്‍ നിന്നും സപ്ലൈക്കോ അരി മില്ലുടമകള്‍ വഴി നെല്ല് സംഭരണം നടത്തുന്നതിന് എല്ലാ നടപടികളും പൂര്‍ത്തീകരിച്ചിട്ടും ചില മില്ലുടമകള്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് പല പാടശേഖരങ്ങളില്‍ നിന്നും നെല്ല് ശേഖരിക്കാന്‍ വൈമുഖ്യം കാണിക്കുന്നത് എന്ത് വില കൊടുത്തും ചെറുക്കുമെന്ന് കേരള കര്‍ഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി.ചെമ്മണ്ട- പുളിയംപാടം കോള്‍ പടവുകളിലെ കര്‍ഷകരില്‍ നിന്നും നെല്ലില്‍ ഈര്‍പ്പം വളരെ കൂടുതലാണെന്നും,പതിര് ഉണ്ടെന്നും മറ്റുമുള്ള തടസ്സവാദങ്ങള്‍ ഉന്നയിച്ച് ചില ചെറുകിട മില്ലുകളുടെ ഏജന്റുമാര്‍ നെല്ലെടുക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് മടങ്ങിപ്പോകുകയും,ക്വിന്റലിന് 15 കിലോഗ്രാം വീതം തൂക്കത്തില്‍ കുറയ്ക്കുമെന്നും, സര്‍ക്കാര്‍ നിശ്ചയിച്ച തുകയായ 23.30 രൂപ നല്‍കാന്‍ കഴിയില്ലെന്നും പറഞ്ഞ് കര്‍ഷകനെ ചൂഷണം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് മാസ്റ്റര്‍ ബിപറഞ്ഞു. മില്ലുടമകള്‍ നെല്ല് സംഭരിക്കാന്‍ വിസമ്മതിക്കുന്നുണ്ടെങ്കില്‍ കര്‍ഷകര്‍ അക്കാര്യം പ്രാദേശിക നിരീക്ഷക സമിതിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. ടി.എസ്.സജീവന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന വര്‍ക്കിങ്ങ് കമ്മിറ്റി അംഗം പി.ആര്‍. വര്‍ഗ്ഗീസ് മാസ്റ്റര്‍, ടി.ജി.ശങ്കരനാരായണന്‍,കെ.പി.ദിവാകരന്‍ മാസ്റ്റര്‍,എം.ബി.രാജു എന്നിവര്‍ പ്രസംഗിച്ചു.

Advertisement