നഗരസഭ അടച്ചൂപൂട്ടിയ അറവുശാലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണം; താലൂക്ക് വികസന സമിതി

525

ഇരിങ്ങാലക്കുട: നഗരസഭ അടച്ചുപൂട്ടിയ അറവുശാലയുടെ പ്രവര്‍ത്തനം ഉടന്‍ പുനരാരംഭിക്കണമെന്ന് മുകുന്ദപുരം താലൂക്ക് വികസന സമിതി നഗരസഭയോട് ആവശ്യപ്പെട്ടു. മുനിസിപ്പാലിറ്റി ആവശ്യപ്പെടുന്ന പക്ഷം ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ട ഫണ്ട് അനുവദിക്കാമെന്ന് യോഗത്തില്‍ അധ്യക്ഷനായിരുന്ന പ്രൊഫ. കെ.യു. അരുണന്‍ എം.എല്‍.എ. അറിയിച്ചു. കുടിവെള്ളപ്രശ്നം രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ്ണ കുടിവെള്ള പദ്ധതിയുടെ ശേഷിക്കുന്ന പൈപ്പ് ലൈന്‍ ഉടന്‍ സ്ഥാപിച്ച് മേഖലയിലെ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തണം. പടിയൂര്‍, പൂമംഗലം പഞ്ചായത്തുകളുടെ ഭാഗത്തേക്ക് വാട്ടര്‍ കണക്ഷന്‍ നല്‍കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട മേഖലയില്‍ 482 മീറ്റര്‍ റോഡ് വെട്ടിപൊളിക്കണം. ഇതുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന സാങ്കേതിക തടസ്സങ്ങള്‍ നീക്കി പ്രശ്നപരിഹാരം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ നടപടി സ്വീകരിക്കണം, ചെറിയ തുകയ്ക്കുള്ള കോര്‍ട്ട് ഫീ സ്റ്റാമ്പ്, മുദ്രപത്രങ്ങല്‍ എന്നിവയുടേയും റവന്യൂ സ്റ്റാമ്പിന്റേയും ക്ഷാമം പരിഹരിച്ച് ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് വികസന സമിതി ആവശ്യപ്പെട്ടു. താലൂക്ക് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷാജി നക്കര, മന്ത്രി പ്രൊഫ. സീ. രവീന്ദ്രനാഥിന്റെ പ്രതിനിധി തങ്കം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, വിവിധ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. തഹസില്‍ദാര്‍ ഐ.ജെ. മധുസൂദനന്‍ സ്വാഗതം പറഞ്ഞു.

 

Advertisement