അപകട ഭീഷണിയായി പടിയൂര്‍ നിലംപതിയിലെ ട്രാന്‍സ്‌ഫോര്‍മര്‍ ; പൗരസമിതി നിരാഹാരത്തിലേക്ക്..

585

പടിയൂര്‍ ; ദീര്‍ഘവീക്ഷണത്തോടെ അല്ലാതുള്ള പ്രവര്‍ത്തനങ്ങള്‍ ഏത് കാലത്തും നാടിന്റെ ശാപമാണ്. ഏതാണ്ട് 20 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ പണിയാരംഭിച്ച എടതിരിഞ്ഞി – വളവനങ്ങാടി റോഡില്‍ നിലംപതി സെന്ററില്‍ നിലകൊള്ളുന്ന ട്രാന്‍സ്ഫോര്‍മര്‍ യാത്രക്കാര്‍ക്ക് അപകടഭീഷിണിയാവുകയാണ്. ആദ്യ കാലങ്ങളില്‍ 3 മീറ്ററോളം മാത്രം വീതിയുണ്ടായിരുന്ന ഈ റോഡ് വീതികൂട്ടി ബിഎംബസി ടാറിങ് പൂര്‍ത്തീകരിക്കുമ്പോള്‍ വരുന്ന വീതി 5. 5 മീറ്ററോളമാണ്. ബൈക്ക് യാത്രികനായ വെള്ളാങ്കല്ലൂര്‍ സ്വദേശി യുവാവിന്റെ ജീവന്‍ കവര്‍ന്നതടക്കം ഒട്ടനവധി അപകട പാരമ്പരകള്‍ക്ക് ഈ കാലത്തിനിടക്ക് ഈ ട്രാന്‍സ്ഫോര്‍മര്‍ കാരണമായിതീര്‍ന്നു കഴിഞ്ഞു. റോഡ് വീതി കൂട്ടുന്നതിനായി 27ഓളം ഇലക്ട്രിക് പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുകയും ബസ്റ്റോപ്പുകള്‍ പൊളിച്ചു നീക്കുകയും ചെയ്തപ്പോഴും ഈ ട്രാന്‍സ്‌ഫോര്‍മറിനോട് മുഖം തിരിക്കുന്ന സമീപനമാണ് kseb യും pwd യും സ്വീകരിച്ചത്. പോട്ട – മൂന്നുപീടിക സംസ്ഥാന പാതയിലേക്ക് മതിലകം ഭാഗത്തു നിന്നും ഏറ്റവും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന പ്രധാന റോഡുകൂടിയാണിത്. റോഡ് പണി പൂര്‍ത്തീകരിക്കുമ്പോള്‍ വാഹങ്ങള്‍ കൂടുതല്‍ വേഗത കൈവരിക്കുമ്പോള്‍ അപകടം വന്നതിനു ശേഷം മാത്രം കണ്ണുതുറക്കുന്ന നമ്മുടെ നാട്ടിലെ അധികാരി വര്‍ഗ്ഗത്തിന് കണ്ണ് തുറക്കാന്‍ വേണ്ടി മാത്രമെങ്കിലും ഈ നിരാഹാരസമരത്തിന് കഴിയട്ടെ എന്ന വിശ്വാസത്തിലാണ് പൗരസമിതി പ്രവര്‍ത്തരും നാട്ടുകാരും. ഇതിന്റെ ഭാഗമായി മാര്‍ച്ച് 5ന് നിലംപതി സെന്ററില്‍ രാവിലെ 10 മുതല്‍ നിരാഹാര സമരത്തിനൊരുങ്ങുകയാണ് ഈ കൊച്ചു ഗ്രാമം..

Advertisement