ഇരിങ്ങാലക്കുട: അമ്മന്നൂര്‍ ഗുരുകുലത്തിന്റെ നേതൃത്വത്തില്‍ 12 ദിവസം നീണ്ടുനില്‍ക്കുന്ന ഗുരു അമ്മന്നൂര്‍ പരമേശ്വര ചാക്യാര്‍ അനുസ്മരണ കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി. മാധവ നാട്യഭൂമിയില്‍ നടന്ന ചടങ്ങില്‍ ഗുരുകുലം ആചാര്യന്‍ അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍ കൂടിയാട്ടത്തിന് ഭദ്രദീപം തെളിയിച്ചു. കുലപതി വേണുജി അധ്യക്ഷനായ ചടങ്ങില്‍ മുന്‍ ചിഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു. പൊതിയില്‍ രഞ്ജിത്ത് ചാക്യാര്‍ പരമേശ്വരചാക്യാര്‍ അനുസ്മരണവും ഒ.എന്‍. ഗോപിനാഥന്‍ നമ്പ്യാര്‍ പൈക്കുളം ദാമോദര ചാക്യാര്‍ അനുസ്മരണവും നടത്തി. കൗണ്‍സിലര്‍ സന്തോഷ് ബോബന്‍, കലാമണ്ഡലം രാജീവ്, കലാമണ്ഡലം നാരായണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സരിത കൃഷ്ണകുമാര്‍ കംസവധം നങ്ങ്യാര്‍കൂത്ത് അവതരിപ്പിച്ചു. ചൊവ്വാഴ്ച ഊരുഭംഗം കൂടിയാട്ടം അരങ്ങേറും.
Advertisement