ഇരിങ്ങാലക്കുട: കാലം കേള്‍വി അല്‍പം പതുക്കെയാക്കി എന്നതൊഴിച്ചാല്‍ നൂറാം വയസിലും ഗാന്ധിഗ്രാം ആലപ്പാട്ട് വര്‍ഗീസ് ആരോഗ്യവാനാണ്. തന്റെ ജീവിതത്തില്‍ എത്ര ചെറുപ്രായത്തില്‍ സംഭവിച്ച കാര്യങ്ങള്‍പ്പോലും ഓര്‍മകളില്‍ നിന്നെടുത്ത് കൃത്യമായി പറയും. തന്റെ സ്‌കൂള്‍ പഠനകാലവും ബോംബെ, കല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ജീവിതവും വര്‍ഷങ്ങള്‍ ഏറെ ജോലി ചെയതിരുന്ന ഇരിങ്ങാലക്കുട കോന്നി, പ്രഭു തിയ്യറ്ററുകളിലെ വിശേഷങ്ങളും നൂറാം വയസിലും ഓര്‍മയില്‍ നിന്നെടുത്തു കിറുകൃത്യമായി പറയുമ്പോള്‍ യുവതലമുറക്ക് നെറ്റിചുളിക്കേണ്ടി വരും. 1918 നവംബറിലാണ് ആലപ്പാട്ട് ദേവസി-മറിയം ദമ്പതികളുടെ മൂന്നു മക്കളില്‍ മൂത്തവനായി ജനനം. 1947 ജൂലൈ 17 നായിരുന്നു ഇരിങ്ങാലക്കുട കരപറമ്പില്‍ കുടുംബാംഗമായ റോസിയും തമ്മിലുള്ള വിവാഹം. അഞ്ച് മക്കളാണ് ഉള്ളത്. മൂന്ന് ആണും രണ്ട് പെണ്ണും. രണ്ടാമത്തെ മകനായ പോളിയുടെ കൂടെയാണ് ഇപ്പോള്‍ താമസം. 11 പേരകുട്ടികളും മക്കളും മരുമക്കളുമായുള്ള സൗഹാര്‍ദപരമായ നല്ല കുടുംബ ജീവതം മനസിന് ഏറെ സന്തോഷം തരുന്നുണ്ടെന്ന് വര്‍ഗീസ് പറഞ്ഞു. 2007 ല്‍ 83-ാം വയസില്‍ ഭാര്യ മരിച്ചു.
മൂന്നര ക്ലാസ് വരെയായിരുന്നു പഠനം. കല്‍പറമ്പ് ബിവിഎം സ്‌കൂളിലായിരുന്നു പഠനം. ജോലി സംബന്ധ കാര്യങ്ങള്‍ക്കായി പലയിടത്തും പോയതിനാല്‍ മലയാളം, ഹിന്ദി, മറാത്തി, ഇംഗ്ലീഷ് എന്നീ നാലുഭാഷകള്‍ വശമാക്കിയിട്ടുണ്ട്. നാട്ടിലെത്തിയ ശേഷം കോനി, പ്രഭു തിയ്യറ്ററുകളില്‍ 22 വര്‍ഷം ജോലി ചെയ്തിരുന്നു. 1948 ഡിസംബര്‍ 12 ന് നാണ് കോന്നി തിയറ്റര്‍ ഉദ്ഘാടനം നടന്നത്. ഈ തിയറ്ററിലെ ആദ്യ ചലചിത്രമായ നാം നാട് എന്ന തമിഴ് എന്ന സിനിമയും അക്കാലത്ത് ഏറ്റവും കൂടുതല്‍ ദിവസങ്ങള്‍ പ്രദര്‍ശനം നടന്ന സത്യന്‍ നായകനായുള്ള ജീവിത നൗക എന്ന സിനിമയിലെ കാര്യങ്ങളും ഇപ്പോഴും ഒര്‍മകളില്‍നിന്നും വിവരിക്കും.
ചിട്ടയായ ജീവിത ശൈലിയും ദൈവഭക്തിയുമാണ് തന്റെ ആയുസ് ദൈര്‍ഘ്യത്തിന്റെ രഹസ്യമെന്നാണ് വര്‍ഗീസേട്ടന്റെ വിശ്വാസം. പുലര്‍ച്ചെ അഞ്ചിന് ഉണരും. കൃത്യം ആറരക്ക് ഡോണ്‍ബോസ്‌കോ പള്ളിയിലെ ഭിവ്യബലിയില്‍ പങ്കെടുക്കും. ഗാന്ധിഗ്രാമില്‍ നിന്നും നടന്നാണ് ദിവസവും പള്ളിയിലെത്തുക. ഇക്കാര്യത്തില്‍ ഇതുവരെയും മുടക്കം വരുത്തിയിട്ടില്ല. ദിവ്യബലി കഴിഞ്ഞ് വീട്ടിലെത്തിയാല്‍ പ്രഭാത ഭക്ഷണം കഴിച്ച് ദിനപത്ര വായനയാണ്. സായാഹ്നത്തില്‍ ഒരുമണിക്കൂര്‍ നടത്തം. ഒഴിവു കിട്ടുമ്പോഴെല്ലാം ജപമാല ചൊല്ലുന്ന ശീലം പതിവാണ്. ദിവസവും 15 ലധികം ജലമാല ചൊല്ലും. ടിവി കാണാറില്ല. ആഴ്ചയില്‍ രണ്ട് തവണ എണ്ണതേച്ചുള്ള കുളി മുടങ്ങിയിട്ടില്ല. ആശുപത്രിയില്‍ കിടക്കേണ്ട കാര്യമായ അസുഖങ്ങളൊന്നും ഇത്രയും കാലത്തിനിടക്ക് വന്നീട്ടില്ലെങ്കിലും ആയുര്‍വേദമാണ് പ്രിയം. സ്വന്തമായുണ്ടായിരുന്ന കൃഷിയിടത്തില്‍ എല്ലാ പണികളും ചെയതിരുന്നത് വര്‍ഗീസേട്ടന്‍ തന്നെയായിരുന്നു.
മുടങ്ങാതെ ദിവ്യബലിയില്‍ പങ്കെടുത്തതിനും കത്തീഡ്രല്‍ ഇടവകയില്‍ പ്രായം കൂടിയ വ്യക്തി എന്ന നിലയിലും ബിഷപ്പ് പൊന്നാടയണിയിച്ച് ആദരിച്ചീട്ടുണ്ട്. ഇന്നലെ മക്കളും മരുമക്കളും പേരക്കുട്ടികളുമടക്കമായിരുന്നു ദിവ്യബലിയില്‍ പങ്കെടുത്തത്. ഗാന്ധിഗ്രാം ദേവമാത കുടുംബയൂണിറ്റില്‍ നടന്ന ചടങ്ങില്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍ പൊന്നാടയണിയിച്ച് പ്രത്യേകം അനുമോദിച്ചു.

 

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here